ശബരിമല യുവതി പ്രവേശനം: 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സാധ്യത,നിര്‍ണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത

ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതി പ്രവേശനം വിഷയം അടക്കം പരിഗണിക്കാന്‍ 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് നിലവില്‍ 9 അംഗ ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്നത്.

കേരളത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വലിയ വിവാദമായി തുടരുന്നതിനിടെയാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ദേശീയതലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.2018 സെപ്തംബറിലെ ശബരിമല യുവതി പ്രവേശന വിധിക്കു ശേഷം സുപ്രീംകോടതിയില്‍ ഒരു വര്‍ഷത്തോളം നിയമ പോരാട്ടം നീണ്ടു.വിധി നടപ്പാക്കുന്നതിനെതിരെ പുനപരിശോധന ഹര്‍ജികള്‍ എത്തി.

എന്നാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനം എടുക്കാതെ ഭരണഘടനപരമായ വിഷയങ്ങള്‍ വിശാല ബെഞ്ചിന്റെ പരിഗണനക്ക് സുപ്രീംകോടതി വിട്ടു.ഒടുവില്‍ 2020ലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡേ അദ്ധ്യക്ഷനായ 9 ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കിയത്.എന്നാല്‍ വിശാല ബെഞ്ചിലെ അംഗങ്ങളെ തീരുമാനിച്ചത് അല്ലാതെ പിന്നീട് കേസ് മുന്നോട്ട് പോയില്ല.അഞ്ചംഗ,ഏഴംഗ ബെഞ്ചുകള്‍ രൂപീകരിച്ച് ചീഫ് ജസ്റ്റിയായിരുന്ന ഡിവൈ ചന്ദ്രചൂഡ് പല വിഷയങ്ങളില്‍ വാദം കേട്ട് തീര്‍പ്പ് നല്‍കിയെങ്കിലും ശബരിമലയില്‍ കൈവച്ചില്ല.

ശബരിമല യുവതീപ്രവേശനത്തിന് പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയില്‍ ഉയരുന്ന വിഷയങ്ങള്‍ എന്നിവ ഒമ്പതംഗ ബഞ്ച് പരിശോധിക്കും. വിഷയത്തില്‍ വാദം തുടങ്ങാനുള്ള സാധ്യതകളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തേടുന്നത്. മറ്റു ജഡ്ജിമാരെ നിയമിച്ച് ബെഞ്ച് രൂപീകരിച്ച് വേനലവധിക്ക് മുന്‍പ് വാദം തുടങ്ങിയാല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോടതി നടപടികള്‍ സജീവ ചര്‍ച്ചയാകും. ഒരു വര്‍ഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് വാദം കേട്ട് തീര്‍പ്പ് കല്പിക്കാനുള്ള സമയം ഉണ്ടെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

Leave a Reply

Your email address will not be published. Required fields are marked *