2025 കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുന്നു. ലോകം 2026-ന്റെ പുലരിയെ ആവേശത്തോടെ പുൽകുകയാണ്. എന്നാൽ കടന്നുപോയ വർഷം വെറുമൊരു കലണ്ടർ മാറ്റമായിരുന്നോ? അല്ല. വരുംതലമുറ 2025-നെ അടയാളപ്പെടുത്തുക ആധുനിക യുഗത്തിലെ ഒരു ‘മനുഷ്യത്വ നവോത്ഥാന’ കാലഘട്ടമായിട്ടായിരിക്കും.
തിരിച്ചറിവുകളുടെ മടക്കയാത്ര
പണത്തിനും പദവിക്കും പ്രതാപത്തിനും പിന്നാലെ ശ്വാസംപിടിച്ചോടിയ ഒരു കാലമുണ്ടായിരുന്നു നമുക്ക്. ആ ഓട്ടത്തിനിടയിൽ എവിടെയോ വെച്ച് സ്വന്തം ശ്വാസം നമുക്ക് നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് 2025 ബാക്കിവെച്ചത്. വിജയത്തിന്റെ അളവുകോൽ ബാങ്ക് ബാലൻസല്ലെന്നും, പദവികളല്ലെന്നും ബോധ്യപ്പെട്ട വർഷം. പണത്തിന്റെയും സൗഭാഗ്യങ്ങളുടെയും തിളക്കത്തിനപ്പുറം, “ഞാൻ ആര്?”, “എനിക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്?” എന്ന ആത്മീയമായ ചോദ്യങ്ങളിലേക്ക് മനുഷ്യൻ തിരിച്ചുനടന്ന ഒരു വർഷമായിരുന്നു ഇത്. വെട്ടിപ്പിടിക്കാനുള്ള ആവേശത്തേക്കാൾ, നിലനിൽപ്പിന്റെ അർത്ഥം തേടാനാണ് നാം കഴിഞ്ഞ വർഷം ശ്രമിച്ചത്.
യന്ത്രങ്ങൾക്കിടയിലെ മനുഷ്യസ്പന്ദനം
ഡിജിറ്റൽ ബന്ധങ്ങളുടെ അതിപ്രസരത്തിനിടയിൽ മാനുഷികമായ സ്പർശം നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്തിന് 2025 അന്ത്യം കുറിച്ചു. കൃത്രിമ ബുദ്ധി ലോകത്തെ കീഴ്പ്പെടുത്തിയപ്പോൾ, യന്ത്രങ്ങളെപ്പോലെ പണിയെടുത്ത് മുഷിഞ്ഞ മനുഷ്യൻ തന്റെ വികാരങ്ങളെ വീണ്ടും വിലമതിക്കാൻ പഠിച്ചു. കാര്യക്ഷമതയേക്കാൾ കരുണയ്ക്കും, വേഗത്തേക്കാൾ വിവേകത്തിനും, നേട്ടങ്ങളേക്കാൾ നന്മയ്ക്കും നാം സ്ഥാനം നൽകിത്തുടങ്ങി. സാമൂഹികമായ ഒറ്റപ്പെടലിന്റെ തടവറകളിൽ നിന്ന് പരസ്പരം കൈകോർക്കുന്ന ചെറിയ കൂട്ടായ്മകളിലേക്ക് മനുഷ്യൻ ഇറങ്ങിവന്നു. മാനസിക ക്ഷേമവും വ്യക്തിജീവിതത്തിലെ സമതുലിതാവസ്ഥയും കേവലം വാക്കുകളല്ല, മറിച്ച് ജീവിതശൈലിയായി മാറി.
പണം, സ്വത്ത്, സൗഭാഗ്യം—ഇവയുടെ അപ്പുറത്ത്, സ്വന്തം സ്വത്വത്തെ തേടി മനുഷ്യൻ വീണ്ടും യാത്ര തിരിച്ച വർഷമാണ് ഇതെന്ന് പറയാനാണ് എനിക്ക് ഇഷ്ടം. “ഞാൻ ആര്?” “എനിക്ക് എന്താണ് വേണ്ടത്?” എന്ന ചോദ്യങ്ങൾ മനുഷ്യന്റെ ദിനചര്യയിൽ ഇടംപിടിച്ച വർഷമാണ് കഴിഞ്ഞുപോയത്. എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടെ , യഥാർത്ഥ ജീവിതത്തിൽ എന്താണ് വേണ്ടത് എന്നറിയാനുള്ള ആഗ്രഹവും ഒരുപക്ഷേ 2025ലാവും മനുഷ്യന് ഉണ്ടായത്.
.
സാമൂഹികമായ ഒറ്റപ്പെടലിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി മനുഷ്യർ ജീവിച്ചിരുന്നത്. ഡിജിറ്റൽ ബന്ധങ്ങൾ വർധിച്ചുവെങ്കിലും, മാനുഷിക ബന്ധങ്ങൾ ക്ഷയിച്ചുപോയ വർഷങ്ങളുടെ ഭാരം 2025ൽ മനുഷ്യൻ തിരിച്ചറിഞ്ഞുവെന്ന് വേണം കരുതാൻ. സ്വന്തം കാര്യം മാത്രം നോക്കി മുന്നേറുന്ന ജീവിതരീതിക്ക് പുറത്തേക്ക് മനുഷ്യൻ എത്തിയിരിക്കുന്നു. അതൊരുപക്ഷേ ഉൾവിളിയാകാം.
കൃത്രിമ ബുദ്ധിയുടെ ലോകത്ത് അതിവേഗ മാറ്റങ്ങൾ സംഭവിക്കുന്നതിനിടെ, മനുഷ്യനിലും ഒരു പുതിയ രൂപാന്തരീകരണം നടന്നിട്ടു. യന്ത്രങ്ങളെ പോലെ പണിയെടുത്ത് മുഷിഞ്ഞ മനുഷ്യൻ വികാരങ്ങളെ വീണ്ടും വിലമതിക്കാൻ തുടങ്ങിയ വർഷമാണിത്. കാര്യക്ഷമതയ്ക്ക് പുറമെ കരുണയും, വേഗത്തിന് പുറമെ വിവേകവും, നേട്ടത്തിന് പുറമെ നന്മയും ആവശ്യമാണ് എന്ന തിരിച്ചറിവാണ് നമുക്ക് 2025.
ചെറിയ കൂട്ടായ്മകളിൽ പോലും, പരസ്പരം ഇടം കണ്ടെത്താൻ മനുഷ്യർ വീണ്ടും ശ്രമിക്കുന്നു. സാമൂഹിക ആരോഗ്യം, മാനസിക ക്ഷേമം, വ്യക്തിജീവിതത്തിന്റെ സമതുലിതാവസ്ഥ—ഇവയെല്ലാം പൊതുചർച്ചകളുടെ ഭാഗമായതായി തോന്നിത്തുടങ്ങിയില്ലേ?
പരിസ്ഥിതിയോടുള്ള സമീപനത്തിലും മാറ്റങ്ങൾ പ്രകടമായിട്ടുണ്ട്. പ്രകൃതിയോടുള്ള അവഗണനയുടെ വില ഇന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു തുടങ്ങി. നിലനിൽപ്പിൻറെ രാഷ്ട്രീയത്തിന് ഉത്തരവാദിത്വമുള്ള ഉപഭോഗം വേണമെന്ന് നാമടക്കം തിരിച്ചറിഞ്ഞില്ലേ?
ഈ അനുഭവങ്ങളും പാഠങ്ങളും കൈമുതലാക്കി, പുതിയ കാലക്രമത്തിനും പുതിയ ജീവിതക്രമത്തിനും, മനുഷ്യാന്തസിനും മാനുഷിക മൂല്യങ്ങൾക്കും ഉതകുന്ന തരത്തിലുള്ള വർഷമായിരിക്കട്ടെ 2026. അങ്ങനെ പുതിയൊരു ജീവിതക്രമത്തിന്റെ തുടക്കമാകണം. മനുഷ്യാന്തസ്സിനും മാനുഷിക മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെടട്ടെ. കൂടുതൽ കേൾക്കുന്ന, കൂടുതൽ പങ്കുവെക്കുന്ന, അപരനോട് കൂടുതൽ കരുണയോടെ പെരുമാറുന്ന ഒരു പുതിയ ലോകം നമുക്ക് സ്വപ്നം കാണാം.
മതിലുകളില്ലാത്ത ആകാശത്തേക്ക്, സ്നേഹത്തിന്റെ ചിറകുകൾ വിടർത്തി നമുക്ക് പറന്നുയരാം. 2026 ഓരോ മനുഷ്യനും ഒരു നവജീവൻ നൽകട്ടെ.
ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റർ

