ഇന്‍ഡോറില്‍ മലിന ജലം കുടിവെള്ളത്തില്‍ കലര്‍ന്ന സംഭവത്തില്‍ മരണം 10 ആയി ഉയര്‍ന്നു

ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പേരുകേട്ട ഇന്‍ഡോറില്‍ മലിന ജലം കുടിവെള്ളത്തില്‍ കലര്‍ന്ന സംഭവത്തില്‍ മരണം 10 ആയി ഉയര്‍ന്നു.ഭഗീരത്പുരയില്‍ വയറിളക്കവും ഛര്‍ദ്ദിയും പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് 10 പേര്‍ മരിക്കുകയും 1,100 ല്‍ അധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. പ്രധാന ജലവിതരണ പൈപ്പ്ലൈനിലെ ചോര്‍ച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിര്‍മിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് സംഭവനത്തിന് കാരണമെന്ന് ഐഎംസി കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു.

ടോയ്ലറ്റില്‍ നിന്നുള്ള മാലിന്യം ജല പൈപ്പ്ലൈനിന് നേരിട്ട് മുകളിലുള്ള ഒരു കുഴിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈനില്‍ അയഞ്ഞ ജോയിന്റ് ഉണ്ടായിരുന്നിരിക്കാം. ഇതിലൂടെയായിരിക്കാം മലിനജലം കുടിവെള്ള വിതരണ സംവിധാനത്തിലേക്ക് കലരാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞു. ഭഗീരത്പുരയിലെ മലിനജലം കുടിച്ച് താമസക്കാര്‍ രോഗബാധിതരായി ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സമ്മതിച്ച മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവര്‍ഗിയ, ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 50 പേരെ സുഖം പ്രാപിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി എല്ലാ രോഗികള്‍ക്കും സൗജന്യ ചികിത്സ നല്‍കാനും ഉത്തരവിട്ടു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ബുധനാഴ്ച ഇടപെട്ട്, ജനുവരി 2 നകം ഡാറ്റ ശേഖരിച്ച് വിശദമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും മുനിസിപ്പല്‍ കോര്‍പ്പറേഷനോടും നിര്‍ദ്ദേശിച്ചു. ദുരിതബാധിതര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉടന്‍ വിതരണം ചെയ്യാനും സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം നല്‍കാനും കോടതി ഉത്തരവിട്ടു

Leave a Reply

Your email address will not be published. Required fields are marked *