ഇന്ത്യയും പാക്കിസ്ഥാനും തടവുപുള്ളികളുടെ പട്ടിക പരസ്പരം കൈമാറി;ശിക്ഷ പൂര്‍ത്തിയാക്കിയ 167 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തടവിലുണ്ടായ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടന്ന ഈ കൈമാറ്റത്തില്‍, ഇന്ത്യയുടെ കസ്റ്റഡിയില്‍ 391 പാക് തടവുകാരും 33 മത്സ്യത്തൊഴിലാളികളുമാണ് ഉള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് മറുപടിയായി പാകിസ്ഥാന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 58 ഇന്ത്യന്‍ തടവുകാരും 199 മത്സ്യത്തൊഴിലാളികളുമാണ് നിലവില്‍ പാക് ജയിലുകളിലുള്ളത്. 1988-ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ പട്ടിക കൈമാറാറുണ്ട്. 1991 മുതലാണ് ഈ നടപടിക്രമം ഔദ്യോഗികമായി ആരംഭിച്ചത്.

തടവുകാരുടെ പട്ടിക സ്വീകരിക്കുന്നതിനൊപ്പം പാകിസ്ഥാനില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ 167 ഇന്ത്യന്‍ തടവുകാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ഇവരെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കൂടാതെ, പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള 35 ഇന്ത്യക്കാര്‍ക്ക് ഇതുവരെ കോണ്‍സുലര്‍ സഹായം ലഭ്യമാക്കാന്‍ പാക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. ഇവര്‍ക്ക് ആവശ്യമായ നിയമപരവും നയതന്ത്രപരവുമായ സേവനങ്ങള്‍ നല്‍കാനുള്ള അനുമതി അടിയന്തരമായി നല്‍കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തി കടന്നതിന്റെ പേരില്‍ പിടിക്കപ്പെടുന്ന സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും മോചനത്തിന് ഈ പട്ടിക കൈമാറ്റം നിര്‍ണ്ണായകമാണ്. ജയിലുകളില്‍ കഴിയുന്ന പൗരന്മാരുടെ മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി അവരെ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *