ഭോപ്പാല്‍: കുടിവെള്ളത്തില്‍ ടോയ്ലെറ്റ് മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യം വഷളായി മരിച്ചവരുടെ കൂട്ടത്തില്‍ അഞ്ചുമാസം പ്രായമായ ആണ്‍കുഞ്ഞും.
മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഭഗീരഥപുരയിലാണ് സംഭവം.പ്രൈവറ്റ് കൊറിയര്‍ കമ്ബനിയിലെ ജീവനക്കാരനായ സുനില്‍ സാഹുവിന്റെ മകന് അവ്യാനാണ് മരിച്ചത്.ആദ്യത്തെ പെണ്‍കുട്ടി ജനിച്ച് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞായിരുന്നു അവ്യാന്.
അവ്യാന്റെ അമ്മയ്ക്ക് മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കില്ല.അതിനാല്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം പാക്കറ്റ് പാലിലേക്ക് അല്പം പൈപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ചാണ് കുഞ്ഞിന് നല്‍കിയിരുന്നത്.എന്നാല്‍ പൈപ്പ് വെള്ളത്തിനുള്ളില്‍ ടോയ്ലെറ്റ് മാലിന്യം കലര്‍ന്നത് കുടുംബം അറിഞ്ഞിരുന്നില്ല.
പൂര്‍ണ ആരോഗ്യവാനായിരുന്ന കുഞ്ഞിന് കടുത്ത പനിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ നല്‍കുന്നുണ്ടായിരുന്നെങ്കിലും ആരോഗ്യം വഷളാവുകയായിരുന്നു.
ഭഗീരഥപുരയില്‍ ടോയ്ലെറ്റ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നതിനെത്തുടര്‍ന്ന് ഇതുവരെ 40 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേര് നിലവില്‍ ചികിത്സയിലാണ്. പലരുടെയും നില ഗരുതരമാണ്. ഭഗീരഥപുരയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിന് മുകളിലൂടെ യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് ടോയ്ലെറ്റ് മാലിന്യം ഒഴുക്കിയിരുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന പൊട്ടലുകള്‍ മലിനജലം അതിലേക്ക് കലരുന്നതിന് കാരണമായി.
പ്രതിസന്ധിയെക്കുറിച്ച് പരിശോധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ ദിലീപ് കുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജലവിതരണ അസിസ്റ്റന്റ് എഞ്ചിനീയര്‍, സബ് എഞ്ചിനീയര്‍, സോണല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്റ് ചെയ്തു

