പാര്‍ലമെന്റില്‍ നിന്നും നിയമസഭയില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത് ഭരണ സമിതികളാണെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തലത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവുമില്ല. ഓരോ അംഗവും വിവിധ വിഷയങ്ങളില്‍ ഭരണ നിര്‍വ്വഹണം നടത്തുന്ന ഏതെങ്കിലുമൊരു സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗമാണ്. എല്ലാ തീരുമാനങ്ങളുമെടുക്കുന്നതും നിര്‍വ്വഹണം നടത്തുന്നതും ഭരണ സമിതികളാണ്. അതിനാല്‍ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വിശാല താല്‍പ്പര്യം മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

