കൊച്ചി: വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പെട്ട് യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനാ വേളയില്‍ ശരീരത്തില്‍ ക്യാമറ ധരിക്കണമെന്ന പുതിയ നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. പരിശോധനയുടെ സുതാര്യത ഉറപ്പാക്കാനും വ്യാജ പരാതികള്‍ ഒഴിവാക്കാനുമാണ് ഈ പരിഷ്കാരം.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാര്‍ നല്കുന്ന പരാതികള്‍ പലപ്പോഴും തെളിവുകളുടെ അഭാവം മൂലം തെളിയിക്കപ്പെടാറില്ല. ചില സാഹചര്യങ്ങളില്‍ യാത്രക്കാര്‍ സ്വന്തം നിലയ്ക്ക് റെക്കോര്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയാനും പരിശോധനയുടെ പൂര്‍ണ്ണരൂപം ഓഡിയോയും വീഡിയോയും ഔദ്യോഗികമായി റെക്കോര്‍ഡ് ചെയ്യാനുമാണ് പുതിയ നീക്കം.
റെഡ് ചാനലില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ബാഗുകള്‍ പരിശോധിക്കുമ്പോള്‍ ദൃശ്യങ്ങള്‍ നിര്‍ബന്ധമായും റെക്കോര്‍ഡ് ചെയ്യണം. പരിശോധന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം യാത്രക്കാരെ അറിയിക്കണം. ദൃശ്യങ്ങള്‍ ചോരുന്നത് തടയാനായി സിം കാര്‍ഡ് ഉള്ളതോ,വൈഫൈ/ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഉള്ളതോ ആയ ക്യാമറകള്‍ ഉപയോഗിക്കാന്‍ പാടില്ല. പരിശോധനയുടെ തുടക്കവും അവസാനവും ലോഗ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തണം. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ പാസ്വേഡ് സുരക്ഷിതമായ കമ്പ്യൂട്ടറുകളിലേക്ക് മാറ്റുകയും കുറഞ്ഞത് 90 ദിവസമെങ്കിലും സൂക്ഷിക്കുകയും വേണം. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിലായിരിക്കണം ക്യാമറകളുടെ ഉപയോഗമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കൊച്ചി വിമാനത്താവളത്തില്‍ നിലവില്‍ കസ്റ്റംസ് വിഭാഗം ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.പുതിയ ഉത്തരവ് വരുന്നതോടെ രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും കസ്റ്റംസ് പരിശോധന ഡിജിറ്റല്‍ നിരീക്ഷണത്തിന് കീഴിലാകും. ഇത് കള്ളക്കടത്ത് തടയാനും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

