ആറ്റുകാല്‍ പൊങ്കാല; തട്ടിക്കൂട്ട് പണി നടത്തി ബില്ല് മാറാന്‍ നോക്കണ്ടാ,നടക്കില്ല; മേയര്‍ വി.വി.രാജേഷ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകള്‍ മാറാന്‍ ശ്രമിക്കരുതെന്നും അത് നടക്കില്ലെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു.

മേയറുടെ അദ്ധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന പൊങ്കാല അവലോകനയോഗത്തിലാണ് മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പലയിടങ്ങളിലും പൊങ്കാലയ്ക്ക് തലേദിവസം ടാര്‍ ചെയ്യുന്നത് പതിവാണ്.അപ്പോള്‍ പൊങ്കാലയ്ക്ക് വരുന്നവരുടെ വസ്ത്രത്തില്‍ ടാര്‍ ഒട്ടിപ്പിടിക്കുന്ന സ്ഥിതിയുണ്ട്.ഈ സാഹചര്യം ഇക്കുറി പാടില്ലെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ചെയ്ത ജോലികളുടെ ബില്ല് ഇനിയും പാസാക്കി പണം നല്‍കിയിട്ടില്ലെന്ന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.ബില്ല് സര്‍ക്കാരിന് കൈമാറിയെന്നായിരുന്നു കളക്ട്രറേറ്റിലെ ഉദ്യോഗസ്ഥരുടെ മറുപടി. പൊങ്കാലയ്ക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷത്തെ പണം നല്‍കുമോയെന്ന് മേയര്‍ വി.വി.രാജേഷ് ചോദിച്ചെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല.

മരാമത്ത് വര്‍ക്കുകള്‍,കുടിവെള്ള പ്രശ്നം,വാഹന പാര്‍ക്കിംഗ് സൗകര്യങ്ങള്‍,സ്വീവറേജ് സംവിധാനങ്ങള്‍,ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍,വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ അതത് വകുപ്പുകള്‍ തയ്യാറാക്കി കളക്ടറേറ്റില്‍ അനുമതിക്ക് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ഡെപ്യൂട്ടി മേയര്‍ ആശാനാഥ്.ജി.എസ്, ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,കോര്‍പറേഷന്‍ സെക്രട്ടറി ജഹാംഗീര്‍.എസ്,ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക് ധന്‍ഖേര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *