കാന്‍ബറ: ഓസ്ട്രേലിയയിലെ ചരക്കുഗതാഗത മേഖലയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 75 ശതമാനത്തോളം ചരക്കുനീക്കവും റോഡ് മാര്‍ഗ്ഗമാണ് നടക്കുന്നത് എന്നിരിക്കെ, വരാനിരിക്കുന്ന ഡ്രൈവര്‍ ക്ഷാമം വിതരണ ശൃംഖലയെ സാരമായി ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍
നാഷണല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കുപ്രകാരം നിലവില്‍ 28,000 ഡ്രൈവര്‍മാരുടെ കുറവുണ്ട്. 2029 ആകുമ്പോഴേക്കും ഇത് 78,000 ആയി ഉയരുമെന്ന് കണക്കാക്കുന്നു.നിലവിലെ ഡ്രൈവര്‍മാരില്‍ 47 ശതമാനവും 55 വയസ്സിനു മുകളിലുള്ളവരാണ്. 25 വയസ്സില്‍ താഴെയുള്ളവര്‍ വെറും 5.4 ശതമാനം മാത്രമാണ്.
അമിതമായ പിഴകളും കര്‍ശന നിയമങ്ങളും കാരണം യുവാക്കള്‍ ഈ മേഖലയിലേക്ക് വരാന്‍ മടിക്കുന്നു. ഇന്‍ഷുറന്‍സ് പ്രശ്നങ്ങള്‍ കാരണം മുന്‍കാലങ്ങളിലെപ്പോലെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ കഴിയാത്തതും പുതിയ തലമുറയ്ക്ക് ഈ തൊഴിലിനോടുള്ള താല്‍പ്പര്യം കുറയാന്‍ കാരണമായി.
2040 ആകുമ്പോഴേക്കും ചരക്കുനീക്കത്തില്‍ 56% വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടല്‍ വേണമെന്നും, സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും നാറ്റ് റോഡ് സിഇഒ വാറന്‍ ക്ലാര്‍ക്ക് ആവശ്യപ്പെട്ടു.കൃത്യമായ പരിശീലനവും തൊഴില്‍ സുരക്ഷയും ഉറപ്പാക്കിയില്ലെങ്കില്‍ 2030-ഓടെ ഓസ്ട്രേലിയ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്

