ഞണ്ടിറുക്കി എന്ന് കേള്‍ക്കുമ്പോള്‍ കൗതകം തോന്നുന്നുണ്ടോ..കോരളത്തിലെ ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിന്റെ പേരാണിത്. പേര് ഞണ്ടിറുക്കി എന്നാണെങ്കിലും ഇവിടെ ഞണ്ടുമില്ല, ഞണ്ട് ആരേയും ഇറുക്കിയിട്ടുമില്ല. അതിമനോഹരമായ മലയോര ഗ്രാമമാണ് ഞണ്ടിറുക്കി.മലയോര ജില്ലയായ ിടുക്കിയിലെ പല സ്ഥലങ്ങളുടെയും പേരുകള്‍ വളരെ കൗതകം നിറഞ്ഞതാണ്. എന്നാല്‍ ഞണ്ടിറുക്കി എന്ന പേര് കേട്ടാല്‍ യാത്ര ഇഷ്ടപ്പെടുന്ന പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും നെഞ്ചില്‍ ഒരു കുളിര്‍മഞ്ഞ് പെയ്യും.അതിന് കാരണം
200 അടി ഉയരത്തിലുള്ള മലമുകളിലെ ഗുഹാമുഖത്തു നിന്ന് കുതിച്ചു ചാടുന്ന ജലപ്രവാഹമാണ് ! മലയിടുക്കുകളിലൂടെ അത് ഒഴുകി ഇറങ്ങി അരുവിയായി പടര്‍ന്നൊഴുകുന്ന മനോഹരമായ ദൃശ്യം ! താഴെ റോഡില്‍ നിന്നും നോക്കുമ്പോള്‍ മനസ്സ് കുളര്‍പ്പിക്കുന്ന മനോഹര കാഴ്ച. അതെ അതാണ് പൂമാലക്കടുത്തുള്ള ‘ഞണ്ടിറുക്കി’ എന്ന വെള്ളച്ചാട്ടം.
നിരവധി മലയാള സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള, തൊടുപുഴക്കടുത്തുള്ള ഈ ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ പൂപ്പാലികയാണ്.
തൊടുപുഴ, പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം ഇപ്പോള്‍ സഞ്ചാരികളുടെ ഹൃദയം കവരുന്നു . ഈ സമയത്ത് ധാരാളം വെള്ളം ഉള്ളതുകൊണ്ട് കാഴ്ചയില്‍ കൂടുതല്‍ മനോഹരിയാണ് ഈ വെള്ളച്ചാട്ടം ഇപ്പോള്‍. അതോടെ സഞ്ചാരികളുടെ വരവ് കൂടി.
ഇടുക്കിജില്ലയിലെ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലാണ് ഈ ഹൃദയഹാരിയായ വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരം!തൊടുപുഴയില്‍ നിന്നും കലയന്താനി വഴി വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംക്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പോകുമ്പോള്‍ പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയിലെത്തും. അവിടെനിന്നും ഇറക്കമിറങ്ങിപോകുന്ന റോഡിലൂടെ 500 മീറ്ററോളം പോയാല്‍ റോഡില്‍ നിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം.

വെള്ളം ഒഴുകിയെത്തുന്ന, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ തോടിന്റെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ സിമന്റ് പടികളുമുണ്ട്. വശങ്ങളില്‍ കൈപിടിയും. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു തൊട്ടു താഴെയെത്താം. ഇവിടെ സുരക്ഷിതമായി നിന്നു കാണാന്‍ വ്യൂ പോയിന്റും ഉണ്ട്.
ഇനി, കുത്തനെയുള്ള കയറ്റം കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മറ്റൊരു വഴികൂടിയുണ്ട്. ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയില്‍ നിന്നും മേത്തൊട്ടി റോഡിലേക്ക് 250 മീറ്റര്‍കൂടി മുന്നോട്ട് പോകുക. അവിടെ നിന്നും വലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ 300 മീറ്ററോളം നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള വ്യൂപോയിന്റിലെത്താം. പക്ഷേ ഈ വഴി കാടും കല്ലും നിറഞ്ഞതാണ്. പൊതു വഴിയുമല്ല
വെള്ളം പാറക്കെട്ടില്‍ തല്ലി ചിന്നിച്ചിതറുമ്പോള്‍ ആ പ്രദേശമാകെ മൂടല്‍ മഞ്ഞുപോലെ പടരുന്ന ജലകണികകള്‍ ചാറ്റല്‍ മഴയുടെ പ്രതീതിയാണ് ഉണ്ടാക്കുക. ആ ‘മഴ’ നനഞ്ഞ് നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കാന്‍ നല്ല രസമാണ്. വെയില്‍ ഉണ്ടെങ്കില്‍ ജലകണികകളില്‍ മനോഹരമായ മഴവില്ലും കാണാം.
വെള്ളച്ചാട്ടത്തിനു താഴെ റോഡിനോട് ചേര്‍ന്ന് അരുവിയിലെ ഒഴുക്കുവെള്ളത്തില്‍ വിശാലമായി ഒരു മുങ്ങിക്കുളിയുമാവാം. ചുറ്റും കാട്ടുചെടികള്‍ ഉള്ളതിനാല്‍ സ്ത്രീകള്‍ക്ക് കുളിക്കാന്‍ പലയിടത്തും ഒരു മറയും ഉണ്ട്.
മൂലമറ്റം പവര്‍ഹൗസ്, കുളമാവ് ഡാം, തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ഒരുമണിക്കൂറോളം യാത്ര മാത്രം. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ഞണ്ടിറുക്കി വെള്ളച്ചാട്ടം ഒരിടത്താവളമായി സന്ദര്‍ശിക്കാവുന്നതാണ്.

