ഉറങ്ങിക്കിടക്കവെ പീഡിപ്പിക്കാന്‍ ശ്രമം: പതിനെട്ടുകാരി അയല്‍വാസിയെ വെട്ടിക്കാെന്നു..

വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ വെട്ടിക്കൊന്ന പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റുചെയ്തു.ഉത്തര്‍പ്രദേശിലെ ബന്ദ്ര ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം നടന്നത്.സുഖ്‌റാം പ്രജാപതി എന്ന അമ്ബതുകാരനാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു കൊലപാതകം. ഈ സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.വാതിലും പൂട്ടിയിരുന്നില്ല.

പെണ്‍കുട്ടി ഉറങ്ങുകയാണെന്ന് മനസിലാക്കിയ സുഖ്‌റാം വീടിനകത്തുകടന്ന് വാതില്‍ അകത്തുനിന്ന് പൂട്ടി.പിന്നാലെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഞെട്ടിയെഴുന്നേറ്റ പെണ്‍കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാതില്‍ പൂട്ടിയിരുന്നതിനാല്‍ സാധിച്ചില്ല. വീണ്ടും ഉപദ്രവിക്കാന്‍ സുഖ്‌റാം ശ്രമിച്ചതോടെ സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപാതകം നടത്തിയത്. സമീപത്തുണ്ടായിരുന്ന കോടാലികൊണ്ട് പെണ്‍കുട്ടി സുഖ്‌റാമിനെ ആക്രമിച്ചു.വെട്ടേറ്റ് നിലത്തുവീണപ്പോള്‍ വടികൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിനുശേഷം ആയുധങ്ങളുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.മരിച്ചയാളുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കെതിരെ കൊലപാതകത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സുഖ്‌റാം നേരത്തേ പലപല ആവശ്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയെ കാണാന്‍ എത്തുമായിരുന്നു.സംഭവ ദിവസവും അക്കാര്യം പറഞ്ഞാണ് ഇയാള്‍ വീട്ടിലേക്ക് പോയത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്കുപോകുന്നതും തിരിച്ചെത്തുന്നതും എപ്പോഴെന്ന് ഇയാള്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം.

പെണ്‍കുട്ടിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപാതകം നടത്തിയെന്നത് ബോദ്ധ്യപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *