ആലത്തൂര്‍ കാവശ്ശേരി പാടൂരില്‍ പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്.
സുരേഷ് പോരുളിപാടത്തിനെതിരെയാണ് കേസെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് ഇയാളും ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേര്‍ന്നു നശിപ്പിച്ചതായും പരാതിയുണ്ട്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദീപ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങളില്‍ മാധ്യമങ്ങള്‍ പറയുന്ന ബിജെപിക്കാരന് പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ യാതൊരു ചുമതലയും വഹിക്കുന്ന ആളല്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബിജെപി കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വികെ ജയകൃഷ്ണന് പറഞ്ഞു

