ന്യൂഡല്‍ഹി : വെനിസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമെതിരായ യുഎസ് നടപടിയെ രൂക്ഷമായ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ നയതന്ത്രജ്ഞനുമായ ശശി തരൂര്‍.കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.അന്താരാഷ്ട്ര നിയമവും യുഎന്‍ ചാര്‍ട്ടറും എല്ലാം മഡുറോയുടെ അറസ്റ്റിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും തരൂര്‍ വിമര്‍ശിച്ചു.
ശക്തമായ രാജ്യങ്ങള്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി നിയമങ്ങള്‍ ലംഘിക്കാന്‍ സ്വാതന്ത്ര്യമുള്ള ഇന്നത്തെ ലോകത്ത് ‘കാട്ടിലെ നിയമം’നിലനില്‍ക്കുന്നുണ്ടെന്ന് തരൂര്‍ സൂചിപ്പിച്ചു. അന്താരാഷ്ട്ര സംവിധാനത്തിന് അപകടകരമായ ഒരു സൂചനയാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.യുഎസ് നടപടികളെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളെ വിമര്‍ശിച്ച എഴുത്തുകാരന് കപില്‍ കോമിറെഡ്ഡിയുടെ പോസ്റ്റിന് മറുപടിയായാണ് തരൂര്‍ ഈ അഭിപ്രായം പറഞ്ഞത്.

