ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വമ്പൻ വാഗ്ദാനങ്ങളുമായി സമാജ്‌വാദി പാർട്ടി. 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് വർഷംതോറും 40000 രൂപ നൽകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. ബിജെപി ഭരണകാലത്ത് സ്ത്രീകൾക്കുണ്ടായ നഷ്ടം നികത്താൻ ആണ് ഈ തീരുമാനമെന്നും അഖിലേഷ് വ്യക്തമാക്കി.
ബീഹാറിൽ ബിജെപി സർക്കാർ സ്ത്രീകൾക്ക് പതിനായിരം രൂപ നൽകിയാണ് ജയിച്ചതെങ്കിൽ ഞങ്ങൾ 40,000 രൂപ നൽകും എന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. ഇത്രയും വലിയ തുക നൽകാനുള്ള ഫണ്ടിനായി എന്ത് ചെയ്യും എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വായ്പയെടുക്കും എന്നായിരുന്നു അഖിലേഷ് മറുപടി നൽകിയത്. രാജ്യത്തെ വ്യവസായികൾ 2 ലക്ഷം കോടി രൂപ വരെ വായ്പ എടുത്തിട്ടുണ്ട്. അപ്പോൾ സ്ത്രീകൾക്ക് വേണ്ടി വായ്പ എടുക്കുന്നതിൽ എന്താണ് തെറ്റ് എന്നും അഖിലേഷ് യാദവ് ചോദിച്ചു

