നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ട് ശേഖരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി തൊടുപുഴയിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സന്നദ്ധ പ്രവർത്തകരോടൊപ്പം വീടുകൾ സന്ദർശിച്ച് വിവരശേഖരണത്തിൽ പങ്കെടുത്തു.
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യൻ ഡോ. ജോസഫ് സ്റ്റീഫൻ ചാഴിക്കാടിൻ്റെ വസതിയിലാണ് ജില്ലാ കളക്ടറും സന്നദ്ധ പ്രവർത്തകരും സന്ദർശനം നടത്തിയത്.

ഇടുക്കി ജില്ലയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വരുത്തണമെന്നും ഡോ. ജോസഫ് സ്റ്റീഫൻ ചാഴിക്കാട് നിർദ്ദേശിച്ചു. ടൂറിസ്റ്റുകൾക്ക് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കാർഷിക മേഖലയെയും കർഷകരെയും സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ചുമതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാം ടൂറിസം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിൽ വലിയ ശ്രദ്ധ പുലർത്തേണ്ട കാലഘട്ടമാണെന്നും വ്യക്തിഗതമായ സന്തോഷം നിലനിർത്തുന്ന വെൽനസ് ക്യാമ്പയിനുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള മാറ്റത്തിലൂടെ വ്യക്തികളിൽ നല്ല ചിന്തകളും നല്ല ആശയങ്ങളും നല്ല അന്തരീക്ഷവും ഉണ്ടാവുന്നത്. അവ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ജില്ലയുടെ വികസനത്തിന് വേണ്ട ക്രിയാത്മകമായ ആശയങ്ങൾ നിർദ്ദേശിച്ച ഡോ. ജോസഫ് സ്റ്റീഫൻ ചാഴിക്കാടിൻ്റെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ ജില്ലയിൽ പ്രാവർത്തികമാക്കാമെന്നും അവ സർക്കാരിനെ അറിയിക്കുമെന്നും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കത്തും സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ബ്രോഷറും അദ്ദേഹത്തിന് കൈമാറി.
ഭവന സന്ദർശനത്തിൽ കളക്ടർക്ക് ഒപ്പം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജില്ലാ നിർവഹണ സമിതി അംഗം കെ. കെ. ഷാജി, തൊടുപുഴ നിയോജകമണ്ഡലം ചാർജ് ഓഫീസർ ബിജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

