പാലക്കാട് രാഹുലിന്റെ മണ്ഡലം’ കിട്ടില്ല; സരിന്‍ ഒറ്റപ്പാലത്ത്? നേമത്ത് മത്സരിക്കുമോ ഇല്ലയോ? ശിവന്‍കുട്ടി കണ്‍ഫ്യൂഷനിലാണ്.

പാലക്കാട്/ തൃശൂര്‍ : പി.സരിന്‍ ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയേക്കുമെന്ന് വിവരം. സരിനെ മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന തലത്തിലാണ് നീക്കം നടത്തുന്നത്.പാലക്കാട് മണ്ഡലത്തില്‍ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നല്‍കണമെന്ന നിര്‍ദേശമുള്ളതായും വിവരമുണ്ട്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു സരിന്‍.ഷാഫി പറമ്പില്‍ രാജിവച്ചി ഒഴിവില്‍ പാലക്കാട് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സരിന്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയത്.

അതേ സമയം,താന്‍ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. പരസ്യമായി മത്സരിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞതോടെ പാര്‍ട്ടി തീരുമാനം നിര്‍ണായകമാകും.

”നേമത്ത് രണ്ട് തവണ ജയിച്ചു. ഒരു തവണ പരാജയപ്പെട്ടു. എല്‍ഡിഎഫും സിപിഎമ്മും തീരുമാനിക്കും. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കില്ല. പാര്‍ട്ടി എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുന്നത്. അതാണ് അവസാനവാക്ക്” ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ വാക്കുകള്‍ ചര്‍ച്ചയായതോടെ മത്സരിക്കാന്‍ ഉണ്ടെന്നോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നായി ശിവന്‍കുട്ടിയുടെ വിശദീകരണം. നേമത്ത് രാജീവ് ചന്ദ്രശേഖറിനെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. നേമത്ത് വീണ്ടും ശിവന്‍കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായമാണ് സി പി എമ്മിലുള്ളത്.

2011ലും 2016ലും 2021ലും നേമത്ത് വി. ശിവന്‍കുട്ടിയായിരുന്നു സി പി എം സ്ഥാനാര്‍ഥി. ഇതില്‍ 2016ല്‍ ഒ. രാജഗോപാലിനോട് പരാജയപ്പെട്ടു. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ലഭിച്ച കൂറ്റന്‍ ലീഡിന്റെ ബലത്തില്‍ മണ്ഡലം പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *