കേരള വാഴ്‌സിറ്റിയെ ഇളക്കി ഡോളര്‍ വിവാദം; ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം യുഎസ് ഡോളര്‍ വിദേശ ബാങ്കിനു കൈമാറി.

തിരുവനന്തപുരം: വിദേശിയായ ഒരു ജേര്‍ണലിസ്റ്റ് കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി പ്രഭാഷണം നടത്താനുള്ള വേതനമായി നിശ്ചയിച്ചിരുന്ന ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം ഡോളര്‍ നല്‍കിയെന്ന ആരോപണം കേരള വാഴ്‌സിറ്റിയില്‍ കത്തുന്നു.

17 ലക്ഷം രൂപ!ഇരുപതിനായിരം രൂപയ്ക്കുള്ള 230 ഡോളറിനു പകരം ഇരുപതിനായിരം ഡോളറാണ് അമേരിക്കന്‍ ബാങ്ക് വഴി പ്രഭാഷകനു നല്‍കാന്‍ ഒരു വിദേശ കോണ്‍സള്‍ട്ടന്റിനു കൈമാറിയതത്രേ. ഇത് ഏകദേശം 17 ലക്ഷം ഇന്ത്യന്‍ രൂപ വരും. സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ കൂടിയായ ഡോ.ആര്‍. ഗിരീഷ്‌കുമാറിനെയാണ് ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് നിയമിച്ചിട്ടുള്ളത്.ലാറ്റിന്‍ അമേരിക്കയെക്കുറിച്ചു പഠനം നടത്തുന്ന സെന്ററിനു സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്നു ഓണ്‍ലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരില്‍ മാത്രം നല്‍കേണ്ട തുക ഒരു കണ്‍സള്‍ട്ടന്റിനു കൈമാറിയതില്‍ ദുരൂഹതയുള്ളതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. അതു യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്‌സിറ്റി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖ മാനേജര്‍ ടെക്‌നോപാര്‍ക്കിലെ ബാങ്കിന്റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കണ്‍സള്‍ട്ടന്റിന് 20000 ഡോളര്‍ കൈമാറിയതത്രേ.

മറച്ചുവച്ചു?

ഭീമമായ തുക സര്‍വകലാശാലയ്ക്കു നഷ്ടപ്പെട്ടത് സെന്റര്‍ അധികൃതര്‍ യഥാസമയം സര്‍വകലാശലയെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ, കണ്‍സള്‍ട്ടന്റിനെ നേരില്‍കണ്ട് തുക മടക്കി അയപ്പിച്ചെന്ന് സെന്റര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുക സര്‍വകലാശാല ഫണ്ടില്‍ തിരികെ ലഭിച്ചിട്ടില്ലത്രേ. ഇക്കാര്യത്തില്‍ സെന്റര്‍ ഡയറക്ടര്‍തന്നെ ബാങ്ക് ഓംബുഡ്‌സ്മാനു നേരിട്ടു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഡയറക്ടര്‍ സര്‍വകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.മുരളീധരന്‍ പിള്ള, ജെ.എസ്. ഷിജുഖാന്‍, ഡോ. എസ്. നസീബ് എന്നിവരടങ്ങുന്ന ഉപസമിതി, സര്‍വകലാശാലതന്നെ നേരിട്ട് തുടര്‍അന്വേഷണം നടത്താനും ഡയറക്ടറെ നടപടികളില്‍നിന്ന് ഒഴിവാക്കാനും ശിപാര്‍ശ ചെയ്തു.

ശിപാര്‍ശ സ്വീകരിക്കാതെ വിസി

എന്നാല്‍, സര്‍വകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവരെ കണ്ടെത്തി തുക ഈടാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉപസമിതിയുടെ ശിപാര്‍ശ സ്വീകരിക്കാനാകില്ലെന്നുമാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മേലിന്റെ നിലപാടെന്നു പറയുന്നു.
കേരളവും ലാറ്റിന്‍ അമേരിക്കയും തമ്മില്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളില്‍ സമാനതകളുള്ള പഠനവും ഗവേഷണവും നടത്താനും കേരളവും ലാറ്റിന്‍ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുമായി കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രണ്ടു കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്റ് ആയി 2022-23 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ തുകയില്‍നിന്നാണ് നഷ്ടമുണ്ടായത്.

വിജിലന്‍സ് അന്വേഷണം വേണം

അതേസമയം, കേരള സര്‍വകലാശാലയുടെ ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ നടന്ന ഡോളര്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുകയാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സ്വകാര്യ ഗ്രൂപ്പുകളിലും വിഷയം ചര്‍ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *