കെ കെറോഡ് അഥവ കോട്ടയം – കുമളി റോഡിലൂടെ യാത്ര ചെയ്യാത്തവര്‍ ചുരുക്കമാണ്.
മധ്യതിരുവിതാംകൂറിലെ കോട്ടയത്തെ കിഴക്കന്‍ മലയിലെ കുമളിയുമായി ബന്ധിപ്പിക്കാന്‍ ഇഗ്ലീഷ്കാര്‍ നിര്‍മ്മിച്ച പുരാതന പാതയാണ് കോട്ടയം-കുമളി റോഡ്
ക്രിസ്തുമത പ്രചരണാര്‍ഥം ഇംഗ്ളീഷുകാരന് സി.എം.എസ് മിഷനറിമാരില്‍ ഒരാളായ റവ.ഹെന്റി ബേക്കര്‍ (ജൂനിയര്‍) 1845-ല്‍ മുണ്ടക്കയത്തെത്തി.കോട്ടയം മുതല്‍ കുമളി വരെ ഉള്ള ഒരു നടപ്പാത അവിടെ നിലവിലുണ്ടായിരുന്നു.ഹെന്റിയുടെ അഭ്യര്‍ഥന പ്രകാരം 1870ല്‍ തിരുവിതാംകൂര്‍ ദിവാന് കാളവണ്ടിക്ക് യാത്ര ചെയ്യാന്‍ പറ്റും വിധം ഈ പാത വിപുലീകരിച്ചു. ഇത് പിന്നീട് കെ.കെ. റോഡായി പരിണമിക്കുകയാണ് ഉണ്ടായത്.ഇന്ത്യയുടെ തേയ്ലയിലും കുരുമുളകിലും വാണീജ്യ സാമ്രാജ്യം സ്വപ്നം കണ്ട ബ്രിട്ടീഷ് കാരാണ് വാണീജ്യ ഗതാഗതസാധ്യത സുഗമമാക്കുന്നതിനായി ഈ പാത വിപുലീകരിച്ചത്.
കൊല്ലവര്‍ഷം 1938 ല്‍ ആരംഭിച്ച റോഡ് മുണ്ടക്കയം വരെ എത്താന്‍ നാലു വര്‍ഷം എടുത്തു.അവിടെ നിന്നും കുമളിയിലെത്താന്‍ വീണ്ടും നാലു വര്‍ഷവും. നൂറു കണക്കിനു തൊഴിലാളികള്‍ രാപകല്‍ പണിയെടുത്തു.ആവശ്യത്തിന് വിശ്രമവും ഭക്ഷണവും ദാഹജിലവും കിട്ടാതെ രാപകലുള്ള കഠിനാദ്ധ്വാനം മൂലം പലരും മലമ്പനി എന്ന തുള്ളല്‍ പനി പിടിച്ചു മരിച്ചു.ഒരുപാട് പേര് പണിക്കിടയിലുണ്ടായ അപകടങ്ങളിലും ജീവന് വെടിഞ്ഞു.റോഡിന്റെ പണിയുടെ സമയത്ത് ഏറ്റവും വലിയ അപകടം ഉണ്ടായത് പാമ്പാടിയിലാണ്.
ഒരു വലിയ പാറപൊട്ടിക്കുന്നതിനിടയില്‍ പണിയുന്ന ആളുകളുടെ മേലേക്ക് കൂറ്റന്‍ പാറ മറിഞ്ഞു വീഴുകയായിരുന്നു.എത്ര പേര് മരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്.

അവരെ പാമ്പാടി കാളച്ചന്തയുടെ സമീപത്താണ് മറവ് ചെയ്തത്.പാമ്പാടിയില്‍ സായിപ്പുമാര് കൂടാരമടിച്ചു പണിക്ക് നേതൃത്വം നല്കിയ സ്ഥലത്തിന് കൂടാരകുന്ന് എന്ന പേരു വീണു.
ആനത്താര (ആനകളുടെ നടപ്പുവഴി) വികസിപ്പിച്ചാണ് പലസ്ഥലത്തും റോഡ് നിര്‍മ്മിച്ചത്
ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിര്‍മാണത്തില്‍ പങ്കാളികളായത്.ഘോരവനങ്ങളും, ആഴമേറിയ കൊക്കകളും, ചെങ്കുത്തായ പാറകെട്ടുകളും, പേമാരിയും, പ്രളയവും, വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം റോഡ് പണി അതീവ ദുഷ്കരമാക്കി.ഒരു യുദ്ധത്തിനു പോകുന്ന പോലെയാണ് അന്ന് റോഡ് പണിക്ക് ആളുകള്‍ പോയിരുന്നത്.കാരണം പല ആളുകളും തിരിച്ചു വരില്ലായിരുന്നു.പണിക്കായി നിയോഗിക്കപ്പെടുന്ന പുരുഷന്മാരെ കണ്ണീരോടെയാണ് വീട്ടിലുള്ള സ്ത്രീകളും കുട്ടികളും യാത്രയാക്കിയിരുന്നത്.
സായിപ്പുമാരുടെ മേല്‍നോട്ടത്തില്‍, ആദിവാസികളെയും, നാട്ടുകാരെയും ഉള്‍പ്പെടുത്തിയാണ് പാത പണി ആരംഭിച്ചത്.റോഡ് പണിക്ക് സായിപ്പുമാര് കുതിരപ്പുറത്ത് ഇരുന്ന് നേതൃത്വം നല്കി.രണ്ടായിരം ആളുകള്‍ വരെ ഒരു ദിവസം പണി ചെയ്ത് സമയം ഉണ്ട്.
റോഡ് പണി മുണ്ടക്കയത്ത് എത്തിയപ്പോള്‍, മുന്പ്പോട്ട് വഴി നിര്‍ണ്ണയിക്കുവാന്‍ പറ്റാത്ത അവസ്ഥയായി.തുടര്‍ന്ന് ആനാത്താര നോക്കിയായിരുന്നു വഴി കണ്ടു പിടിച്ചത്.അതായത് ഇപ്പോള്‍ കാണുന്ന K K റോഡ് നൂറ്റാണ്ടുകള്‍ മുന്‍പ് ആനകള്‍ സഞ്ചരിച്ച വഴികളായിരുന്നു.വിഷമുള്ളുകളും, ഉഗ്രവിഷ പാമ്പുകളും ഉള്ള വനങ്ങള്‍ വെട്ടി തെളിക്കാന്‍ മടിച്ച പണിക്കാരെയും, നാട്ടുകാരെയും, ആദിവാസികളെയും കൊണ്ട് പണി എടുപ്പിക്കാന്‍ സായിപ്പുമാര് ഒരു എളുപ്പവഴി കണ്ടെത്തി.
ഈ സ്ഥലങ്ങളില്‍ എല്ലാം വെളളി, സ്വര്‍ണ്ണ നാണയങ്ങള്‍ വിതറും.ഇത് കരസ്ഥമാക്കാന്‍ വേണ്ടി, എല്ലാവരും കാട് വെട്ടി തെളിച്ച് വെടുപ്പാക്കും.കുറെ ആളുകള്‍ ഇതിനിടയില്‍ പാമ്പ് കടിയേറ്റ് മരിക്കും.ബാക്കിയുള്ളവര്‍ക്ക് സ്വര്‍ണ്ണവും, വെള്ളിയും കിട്ടും.സായിപ്പുമാര്‍ക്ക് പണിയും നടന്നു കിട്ടും.കൂലി കൊടുക്കാതെ പണിയെടുപ്പിക്കാന്‍ ഉള്ള ഒരു തന്ത്രം കൂടിയായിരുന്നു ഇത്.അങ്ങനെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വിതറിയ സ്ഥലത്തിന് പൊന്‍കുന്നം എന്ന് പേര് കിട്ടി. പൊന്‍കുന്നത്ത് ആയിരുന്നു ഏറ്റവും കൂടുതല്‍ വിഷമുള്ളുകള്‍ ഉള്ള ചെടികളും, വിഷപ്പാമ്പുകളും ഉണ്ടായിരുന്നത്.

അങ്ങനെ ഒരുപാട് ആളുകളുടെ യാതനാപൂര്‍വ്വമായ അധ്വാനത്താല്‍ റോഡ് പണി പൂര്‍ത്തിയായി. തിരുവിതാം കൂര് മഹാരാജാവ് ശ്രീചിത്ര തിരുനാള്‍ മഹാരാജാവാണ് കെകെ റോഡ് ഉദ്ഘാടനം ചെയ്തത്.അന്നദ്ദേഹം കോട്ടയം തൊട്ട് കുമളി വരെ ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി.പിന്നീട് പ്രധാനമന്ത്രിയായ നെഹ്റുവും ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി.
ആദ്യം ചിത്തിര തിരുനാളൂം ,പിന്നീട് ജവഹര്‍ലാല്‍ നെഹ്രുവും കെ.കെ റോഡ് വഴി പോയപ്പോള്‍, ആയിരങ്ങള്‍ വഴിക്കിരുവശവും മണിക്കൂറുകള്‍ കാത്തു നിന്നിരുന്നത് പഴമക്കാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
ആദ്യകാലത്ത് കാളവണ്ടികളായിരുന്നു കെ.കെ.റോഡില്‍ കൂടുതല്‍. എസ്റ്റേറ്റുകളിലേക്കു കരാറുകാര്‍ സാധനങ്ങള്‍ കാളവണ്ടികളില്‍ കൊണ്ടു പോയിരുന്നു. തുടര്‍ന്ന് കിഴക്കന്‍ മേഖലയിലേക്കു ക്രിസ്ത്യന്‍ കുടിയേറ്റമുണ്ടായി. പാമ്പാടി, വാഴൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ എന്നീ പ്രദേശങ്ങള്‍ വികസിച്ചു.
കാളവണ്ടിക്ക് പിന്നാലെ ബസുകളും ഈ റോഡില്‍ ഓടി തുടങ്ങി.കെ.കെ റോഡില്‍ ആദ്യം ഓടിയിരുന്നത് എട്ടു സീറ്റുള്ള ബസ്സുകളായിരുന്നു.കരിഗ്യാസ് ഉപയോഗിച്ചിരുന്നതിനാല്‍ ഇവയെ കരിവണ്ടി എന്നു വിളിച്ചു.റോഡ് ടാര്‍ ഇട്ടത് 64 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.ബാലകുമാര്‍, സ്വരാജ്, സിന്‍ഡിക്കേറ്റ് ബസ്സുകള്‍ കെ.കെ റോഡില്‍ ഓടിയിരുന്നു.
1920ല്‍ കോട്ടയം മുതല്‍ മുണ്ടക്കയം വരെ ‘ദീര്‍ഘദൂര’ ബസ് സര്‍വീസ് തുടങ്ങിയത് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ്. പിന്നീട് അടിമത്ര ജേക്കബ് ജോണിന്റെ ബസ്, കെ.എന്‍.ശങ്കുണ്ണിപ്പിള്ളയുടെ ‘സ്വരാജ് ബസ്’. മഞ്ഞപ്പള്ളി രാമകൃഷ്ണപിള്ളയുടെ ശ്രീകൃഷ്ണവിലാസം ബസ്, ചങ്ങനാശ്ശേരി ജോസഫ് ബ്രദേഴ്സ് ബസ് ദാസന് മോട്ടോഴ്സ്, ബാലകുമാര്‍, ദേശബന്ധു പി.എം.എസ്., സിന്‍ഡിക്കേറ്റ് തുടങ്ങിയവയായിരുന്നു മലനിരകളെ മോഹിപ്പിച്ച് പുക പറത്തി ആദ്യകാലത്ത് ഓടിയ ബസ്സുകള്‍.

110 കി.മീ പാതയില്‍ അപകടങ്ങളിലൂടെ ചോരപ്പുഴ ഒട്ടേറെ ഒഴുകിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യത്തെ ദാരുണ അപകടം 1947ഏപ്രില്‍ മാസത്തില്‍ സംഭവിച്ചതാണ്. പൊന്‍കുന്നത്ത് നിറയെ ആള്‍ക്കാരെ കയറ്റി യാത്ര പുറപ്പെടാന്നിന്ന പി.എം.എസ്. ബസ്സിലേക്ക് കന്നാസില്‍നിന്ന് പെട്രോള്‍ പകര്‍ത്തുന്നതിനിടെ യാത്രക്കാരിലൊരാള്‍ തീപ്പെട്ടിയുരച്ചിട്ടതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ബസ് അഗ്നികുണ്ഠമായി. രക്ഷപ്പെട്ടത് പത്തോ പന്ത്രണ്ടോപേര് മാത്രം. പ്രാദേശിക വര്‍ത്തമാനപത്രങ്ങളില്‍ ദിവസങ്ങള്‍ക്കുശേഷം മാത്രം വന്നിരുന്ന അക്കാലത്ത് ഈ ദുരന്തം പുറംലോറമറിയുന്നത് ദിവസങ്ങള്‍ക്കുശേഷം. ആഹ്ലാദങ്ങളും ആരവങ്ങളും മാറ്റങ്ങളും ദുരന്തങ്ങളും എല്ലാം അറിഞ്ഞ് എല്ലാറ്റിനും സാക്ഷിയായ ഈ വഴി 150 പിന്നിട്ട് തലമുറകള്‍ക്കൊപ്പം യാത്ര തുടരുകയാണ്. കൂടെ വരുന്നവരുടെ കൈ പിടിച്ചുകൊണ്ട്.ഇപ്പോള്‍ ഈ പാത നാഷണല്‍ ഹൈവേ 183 (കൊല്ലം-കൊട്ടാരക്കര-കോട്ടയം- കുമളി- തേനി നാഷണല്‍ ഹൈവേ) യുടെ ഭാഗമാണ്.

