ബെംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ വീണ്ടും ആലോചന; വേറെ ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍.


ബെംഗളൂരുന്മ മംഗളൂരു വഴിയുള്ള ബെംഗളൂരു കണ്ണൂര്‍ പ്രതിദിന എക്‌സ്പ്രസ് (16511/16512) കോഴിക്കോട് വരെ നീട്ടാനുള്ള നടപടി റെയില്‍വേ പുനരാരംഭിച്ചതോടെ എതിര്‍പ്പുമായി ദക്ഷിണ കന്നഡയിലെ യാത്രക്കാരുടെ കൂട്ടായ്മ. ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് റെയില്‍ കൂട്ടായ്മ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി. ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടാന്‍ 2024 ജനുവരിയില്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരുന്നെങ്കിലും കര്‍ണാടകയുടെ എതിര്‍പ്പിനെ തുടര്‍ന്നു തീരുമാനം പിന്നീട് മരവിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും റെയില്‍വേ നടപടി പുനരാരംഭിച്ചതോടെയാണ് കര്‍ണാടകയിലെ തീരദേശ യാത്രകൂട്ടായ്മകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. തീരദേശ മേഖലയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ കോഴിക്കോട് വരെ നീട്ടുന്നത് ദക്ഷിണ കന്നഡ, ഹാസന്‍ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാകുമെന്നാണു വാദം. 2007 ല്‍ ബെംഗളൂരു മംഗളൂരു റൂട്ടില്‍ ആരംഭിച്ച ട്രെയിന്‍ പിന്നീട് കേരളത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നു കണ്ണൂരിലേക്കു നീട്ടുകയായിരുന്നു. ഇതോടെ മംഗളൂരുവില്‍ നിന്നുള്ള റിസര്‍വേഷന്‍ ക്വോട്ട ഉള്‍പ്പെടെ വെട്ടിക്കുറച്ചത് തീരദേശജില്ലകളിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയായി. നിലവിലെ ട്രെയിന്‍ നീട്ടുന്നതിനു പകരം കേരളത്തിലേക്കു പുതിയ ട്രെയിന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും കര്‍ണാടക പറയുന്നു.

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ വേണമെന്ന് കെകെടിഎഫ്
ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ഹൊസൂര്‍ വഴി പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്) ആവശ്യപ്പെട്ടു. നിലവിലെ യശ്വന്തപുരകണ്ണൂര്‍ എക്‌സ്പ്രസില്‍ (16527/16528) 3 മാസം മുന്‍പ് പോലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ദിവസേന വൈകിട്ട് 5നും 8നു ഇടയില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ആവശ്യമെന്ന് ജനറല്‍ കണ്‍വീനര്‍ ആര്‍.മുരളീധര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

യശ്വന്ത്പുരകണ്ണൂര്‍ എക്‌സ്പ്രസിന് പട്ടാമ്പിയില്‍ സ്റ്റോപ് അനുവദിച്ചാല്‍ ഗുരുവായൂര്‍ തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ സൗകര്യപ്രദമാകും. ബെംഗളൂരു എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകള്‍ എട്ടില്‍ നിന്ന് 16 ആയി ഉയര്‍ത്തണം. വന്ദേഭാരതിന് എറണാകുളം നോര്‍ത്തില്‍ സ്റ്റോപ് അനുവദിച്ചാല്‍ തിരുവനന്തപുരംമംഗളൂരു വന്ദേഭാരതിന് കണക്ഷന്‍ ലഭിക്കും. ബെംഗളൂരുതിരുവനന്തപുരം റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *