സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് വ്യക്തമായ ആധിപത്യം. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ അവരുടെ ഒന്നാം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ ഓസ്ട്രേലിയക്ക് 134 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു.
ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 384 റൺസിന് പുറത്തായിരുന്നു.
സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡ് നേട്ടം. ഓസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്ത് തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞു. 129 റൺസുമായി അദ്ദേഹം പുറത്താകാതെ നിൽക്കുകയാണ്. സ്മിത്തിന്റെ 37-ാമത് ടെസ്റ്റ് സെഞ്ചുറിയാണിത്.
ട്രാവിസ് ഹെഡ് 163 റൺസ് നേടി ഓസ്ട്രേലിയൻ സ്കോർ അതിവേഗം ഉയർത്തി. ഹെഡിന്റെ ഈ തകർപ്പൻ ഇന്നിംഗ്സാണ് ഓസ്ട്രേലിയക്ക് വലിയ ലീഡ് സമ്മാനിച്ചത്.
ഒന്നാം ഇന്നിംഗ്സിൽ ജോ റൂട്ട് നേടിയ 160 റൺസാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ നൽകിയത്. എന്നാൽ ബൗളിംഗിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെ പിടിച്ചുുകെട്ടാൻ ഇംഗ്ലീഷ് ബൗളർമാർക്ക് സാധിച്ചില്ല.
ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയുടെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കൂടിയാണിത്.
നിലവിൽ 3-1 എന്ന നിലയിൽ പരമ്പര ഓസ്ട്രേലിയ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്മിത്തിന്റെ ബാറ്റിംഗും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സും മത്സരഫലത്തിൽ നിർണ്ണായകമാകും.

