ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ചൂടും, നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡില്‍ ചുഴലിക്കാറ്റ് ഭീഷണിയുമാണ് നിലവിലുള്ളത്.
വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുമെന്നാണ് പ്രവചനം.മ്യുറേ റിവര്‍ പ്രദേശം ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ മേഖലകളില്‍ താപനില 45-46 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരിക്കും സിഡ്നിയിലും കാന്‍ബെറയിലും ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുക.
”തെക്കന്‍ ഓസ്ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ അതിശക്തമായ ചൂട് അനുഭവപ്പെടും,” BoM റിപ്പോര്‍ട്ട് ചെയ്യുന്നു.അതെസമയം, തെക്കന്‍ സംസ്ഥാനങ്ങള്‍ ചൂടില്‍ വലയുമ്പോള്‍,നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡില്‍ വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ട്.കോറല്‍ സീയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയോ ശനിയാഴ്ചയോടെയോ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇത് കേപ് യോര്‍ക്ക് പെനിന്‍സുലയിലും, കെയ്ന്‍സ് മുതല്‍ മക്കായ് വരെയുള്ള പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് കാരണമായേക്കാം.റോക്ക്ഹാംപ്ടണ്‍ മുതല്‍ വടക്കുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, കടുത്ത ചൂടിനെതിരെയും മഴയ്ക്കെതിരെയും മുന്‍കരുതലുകള്‍ എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്

