തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി സമവായത്തിലൂടെ ഏറ്റെടുക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളോടു ടീകോം കമ്പനി നിസ്സഹകരിച്ചതോടെ കരാർ പ്രകാരമുള്ള നിയമ നടപടിക്കു സർക്കാർ തുടക്കമിട്ടു. പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയതിനു കരാർ ലംഘനം ചൂണ്ടിക്കാട്ടി കമ്പനിക്കു നോട്ടിസ് നൽകി.
മറുപടി തൃപ്തികരമല്ലെങ്കിൽ പാട്ടക്കരാർ റദ്ദാക്കി, ടീകോമിനുള്ള മുഴുവൻ ഓഹരിയും വാങ്ങാം. പദ്ധതിക്കായി നൽകിയ ഭൂമിയുടെ വില 91.58 കോടി രൂപയെന്നു കണക്കാക്കിയാകും ഓഹരി മൂല്യനിർണയം നടത്തുക. പിന്നീട് സ്മാർട്ട് സിറ്റിയുടെ ഒരു സ്വത്തിലും ടീകോമിന് അവകാശവാദം ഉന്നയിക്കാനാകില്ല. സർക്കാരിനു പദ്ധതി തുടരാം.
ഏതുവിധേനയും സമവായത്തിന് ടീകോമിനെ നിർബന്ധിക്കുകയാണു സർക്കാർ ഉദ്ദേശ്യമെന്നാണു സൂചന. പദ്ധതി വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി 2024 ഡിസംബറിലാണു സ്മാർട്ട് സിറ്റി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.കരാർലംഘനത്തിനു സ്വീകരിക്കേണ്ട നടപടിയെന്തെന്നു കരാറിലെ ഏഴാം വകുപ്പിൽ വ്യവസ്ഥയുണ്ട്.
സർക്കാർ കരാർ ലംഘനം നടത്തിയാൽ ടീകോമിനും, മറിച്ചാണെങ്കിൽ സർക്കാരിനും നടപടിയെടുക്കാം. 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കുകയും 90,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്ന വ്യവസ്ഥ ലംഘിച്ചതിനു കരാറിലെ 7.2.2 (ബി) വ്യവസ്ഥ പ്രകാരമാണു സർക്കാരിന്റെ നോട്ടിസ്. സമവായത്തിലൂടെ എക്സിറ്റ് പ്ലാൻ രൂപീകരിക്കുകയും ഇരുവർക്കും സമ്മതമുള്ള വാല്യുവേറ്റർ വഴി മൂല്യനിർണയം നടത്തി, ടീകോം മുടക്കിയ തുക തിരിച്ചു നൽകി പദ്ധതി ഏറ്റെടുക്കുകയുമാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. ഇതിനായി തയാറാക്കിയ കർമപദ്ധതി അനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് 31ന് അകം ഏറ്റെടുക്കൽ പൂർത്തീകരിക്കേണ്ടതായിരുന്നു.
എന്നാൽ, പിൻമാറുന്നതിനുള്ള ചില നിർദേശങ്ങളിൽ ടീകോം എതിർപ്പറിയിക്കുകയും കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്തതോടെയാണു സമവായം പാളിയത്.ഇന്ത്യ–യുഎഇ വ്യാപാര ഉടമ്പടി പ്രകാരമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വേണം തങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യേണ്ടതെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നുമാവശ്യപ്പെട്ടു ടീകോം കേന്ദ്രസർക്കാരിനെ സമീപിച്ചു. വ്യാപാര ഉടമ്പടി വ്യവസ്ഥകളല്ല, സ്മാർട്ട് സിറ്റി കരാറിലെ വ്യവസ്ഥകളാണു ബാധകമാവുകയെന്നു കേരളവും വാദിച്ചതോടെ തർക്കമായി. ഏറ്റെടുക്കൽ വൈകുന്നതുകൊണ്ടു
പദ്ധതി പ്രവർത്തനത്തിനും നിക്ഷേപത്തിനും തടസ്സം ഇല്ലെന്നു സർക്കാർ പറയുന്നു. നിയമക്കുരുക്കിൽപെടാതെ, സംസ്ഥാന താൽപര്യം മുൻനിർത്തി ഏറ്റെടുക്കാനായാണു നിയമപരമായ എല്ലാ മാർഗവും തേടുന്നതെന്നാണു വിശദീകരണം.
ഇന്നു ചർച്ചതർക്കമുണ്ടായാൽ ആർബിട്രേഷൻ ട്രൈബ്യൂണൽ ആസ്ഥാനം കൊച്ചിയായിരിക്കണമെന്നാണു കരാറിൽ. എന്നാൽ, ഇന്ത്യ–യുഎഇ വ്യാപാര ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ട്രൈബ്യൂണൽ വേണമെന്നു ടീകോം. ഈ തർക്കം തീർക്കാൻ കേന്ദ്ര സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഇന്നു ചീഫ് സെക്രട്ടറിയും ഐടി സെക്രട്ടറിയും ടീകോം പ്രതിനിധികളും പങ്കെടുക്കുന്ന ചർച്ച നടക്കും.

