കേന്ദ്ര തീരുമാനം തുണയായി; ലോണെടുക്കുന്നവര്‍ക്ക് ഇത് നല്ലകാലം.

കൊച്ചി: ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുമേഖല ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ മികച്ച മുന്നേറ്റം. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടിയില്‍ വരുത്തിയ കുറവും ഉത്സവകാലത്തെ വ്യാപാര ഉണര്‍വുമാണ് വായ്പാ ആവശ്യത്തില്‍ വലിയ വര്‍ദ്ധന സൃഷ്ടിച്ചത്.

റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാെസത്തില്‍ ഏഴ് മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണുണ്ടായത്. അതേസമയം സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ ഇക്കാലയളവില്‍ നാല് മുതല്‍ 17 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി.

പൊതുമേഖല ബാങ്കുകളില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്രയും സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യയും 19 ശതമാനത്തിലധികം വായ്പാ വളര്‍ച്ചയുമായി മികച്ച മുന്നേറ്റം നടത്തി. യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് വായ്പാ വിതരണത്തില്‍ പത്ത് ശതമാനത്തില്‍ താഴെ വളര്‍ച്ച നേടിയത്.

സ്വകാര്യ ബാങ്കുകളില്‍ എച്ച്.ഡി.എഫ്.സി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജമ്മു ആന്‍ഡ് കാഷ്മീര്‍ ബാങ്ക് എന്നിവ മികച്ച വളര്‍ച്ച നേടി.ഗണേഷ് ചതുര്‍ത്ഥിയും നവരാത്രി ആഘോഷങ്ങളും ദീപാവലിയും അടക്കമുള്ള ഉത്സവകാലവും വിപണിക്ക് ആവേശം പകര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്ക് ശേഷം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് സൃഷ്ടിക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ നാല് തവണയായി 1.25 ശതമാനം കുറച്ച് 5.25 ശതമാനമാക്കിയതും ബാങ്കുകളുടെ വായ്പാ വിതരണത്തിന് കരുത്തായി.

Leave a Reply

Your email address will not be published. Required fields are marked *