ആത്മാക്കളുടെ ലോക്കറുകള്‍

ഇന്ദിര തുറവൂര് – സിങ്കപ്പൂരിലെ ഫൈന്‍ സിറ്റിയിലുള്ള സെമിത്തേരികളെക്കുറിച്ചുള്ള യാത്ര വിവരണം

സന്ദര്‍ശകരെയും സഞ്ചാരികളെയും ഒരിക്കലും നിരാശരാക്കാത്ത രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യയിലൂടെ ഒരാഴ്ചത്തെ യാത്രയില്‍ ഞാന്‍ കണ്ട ടൂറിസ്റ്റുകള്‍ കൂടുതല്‍ എത്തപ്പെടാത്ത കാണാകാഴ്ചകളെക്കുറിച്ചുള്ള ഒരു യാത്രയാണ് പങ്കു വയ്ക്കുന്നത്.

എന്റെ പ്രിയ സുഹൃത്ത്  സേവ്യറും കുടുംബവും സിംഗപ്പൂര്‍  ഉള്ളതുകൊണ്ടാണ് പ്രധാനപ്പെട്ട പല സ്ഥലങ്ങളും എനിക്ക് കാണുവാന്‍ സാധിച്ചത്.അതില്‍ മനസ്സില്‍ തങ്ങി  നില്‍ക്കുന്ന കാഴ്ചകളില്‍ ഒന്നാണ് സിംഗപ്പൂരിലെ  സെമിത്തേരികള്‍.യാത്രയില്‍  കണ്ട സിംഗപ്പുരിനെക്കുറിച്ച് ഒന്ന് ചെറുതായി പറഞ്ഞിട്ട്  ഫൈന്‍സിറ്റിയിലെ സെമിത്തെരിയിലേക്ക് പോകാം.

 കൃത്യമായ പ്ലാനിങ്ങോടെ പടിപടിയായി ഉയര്‍ന്ന് വികസനത്തിന്റെ കാര്യത്തില്‍ ലക്ഷ്യങ്ങള്‍ കീഴടക്കി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറിയ സിംഗപ്പൂര്‍ സഞ്ചരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്.ഉയരം കൂടിയ കെട്ടിടങ്ങള്‍,ദ്വീപുകള്‍,ചെറിയ ചെറിയ തെരുവുകള്‍,പാര്‍ക്കുകള്‍ ഇവയെക്കെ സഞ്ചരികളെ ഇവടെയ്ക്ക് ആകര്‍ഷിക്കുന്ന കൂട്ടത്തില്‍പ്പെട്ടതാണ്.

സിംഗപ്പൂരിന്റെ ദേശിയ ചിഹ്നം മെര്‍ലിയോണ്‍ ആണ്,പാതി സിംഹവും പകുതി മീനും ആയ ഒരു വിചിത്രരൂപമാണിത്.സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായ ഈ രൂപം ഇവിടുത്തെ ഏതെങ്കിലും പുരാണങ്ങളില്‍ നിന്നോ കഥകളില്‍ നിന്നോ എടുത്തതല്ല.സിംഗപ്പൂര്‍ ടൂറിസം ബോവയ്ക്കായി 1964-ല്‍ ബ്രിട്ടീഷ് ഇക്ത്യോളജിസ്റ്റ് അലക്സ് ഫ്രേസര്‍-ബ്രണ്ണര്‍ രൂപകല്പന ചെയ്തതാണിത് ഈ  രൂപം.

സിംഗപ്പൂര്‍ എന്ന രാജ്യം എത്ര വേഗത്തില്‍ മുന്നോട്ടു കുതിക്കുന്നുവോ അതുപോലെ തന്നെയാണ് ഇവിടുത്തെ ആളുകളും.ലോകത്തിലെ ഏറ്റവും വേഗത്തില്‍ നടന്നു നീങ്ങുന്ന കാല്‍നട യാത്രകര്‍ ഇവിടെയുള്ളവരാണ്. ആഘോഷങ്ങളുടെ നാട് കൂടിയാണ് സിംഗപൂര്‍.ജീവിതം ആഘോഷമായി കൊണ്ടുനടക്കുന്നവരാണ് ഇവിടുത്തുകാര്‍.സാംസ്‌കാരിക ഉത്സവങ്ങള്‍,പ്രധാന കായിക വിനോദങ്ങള്‍,ജീവിതശൈലി,കലാ പരിപാടികള്‍ എന്നിവ വര്‍ഷം മുഴുവനും ഇവിടെ ആഘോഷിക്കാറുണ്ട്.സിംഗപ്പുര്‍ ഷോപ്പിങ്ങളുടെ പറുദീസയാണ്.എന്നാല്‍ നമ്മുടെ ഇന്ത്യന്‍ രൂപയുമായി  താരതമ്യം ചെയ്താല്‍ ഷോപ്പിങ് ഒരിക്കലും നമുക്ക് ചെയ്യുവാന്‍ സാധിക്കില്ല.

യൂണിവേഴ്സല്‍ സ്റ്റുഡിയോ 

സിംഗപ്പൂരിലെ സെന്റോസയിലുള്ള റിസോര്‍ട്ട്‌സ് വേള്‍ഡ് സെന്റോസയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു തീം പാര്‍ക്കാണ് യൂണിവേഴ്‌സല്‍സ്റ്റുഡിയോ.ലോകമെമ്പാടുമുള്ള ആറ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോ തീം പാര്‍ക്കുകളില്‍ ഒന്നാണിത്.ഏഴ് തീം സോണുകളിലായി 28 റൈഡുകള്‍ ,ഷോകള്‍, ആകര്‍ഷണങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്ന പാര്‍ക്കില്‍ സന്ദര്‍ശ കാരുടെ  തിരക്കാണ് എപ്പോഴും.ഒറ്റ ദിവസം കൊണ്ട് മുഴുവന്‍  കാഴ്ചകള്‍ കണ്ടു തീരാന്‍ പറ്റാത്ത സ്ഥലം.ഒഴുകി എത്തുന്നു സന്ദര്‍ശകര്‍, കാണേണ്ട കാഴ്ചകള്‍ തന്നെയാണ് അതിനുള്ളില്‍ ഉള്ളത്.മരണം വരിച്ച ശരീരങ്ങളെ ഇത്രയും ആദരവോടെകൂടി കാണുന്ന വേറെ രാജ്യങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.

 Lim chu khang എന്നാണ് സ്ഥലത്തിന്റെ പേര്.ടൂറിസ്റ്റ് പട്ടികയില്‍ പെടാത്ത സ്ഥലം.സിംഗപ്പുരിലെ സെമിത്തെരികള്‍ നിറഞ്ഞ പാര്‍ക്കുകള്‍ ഇവിടെയാണ്.ജാതി മത വിത്യാസം ഇല്ലാതെ റോഡിനു ഇരുവശവും ശാന്തമായി  ഉറങ്ങുന്ന പരേതാത്മക്കളുടെ ശവകുടിരങ്ങള്‍ നിരനിര ആയിട്ടുള്ള സിറ്റിയിലൂടെ ആയിരുന്നു യാത്ര.തിരക്കുകള്‍ കുറഞ്ഞ റോഡ്.റോഡിനു ഇരുവശവും  പല തരത്തിലുള്ള ശവ കുടിരങ്ങള്‍. ഇത് പല ആകൃതികളില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.ഇതിനിടക്ക്  പൂക്കള്‍ നിറഞ്ഞ ചെടികള്‍, നടപ്പാതകള്‍, ഇരിപ്പടങ്ങള്‍ എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.വേണ്ടപ്പെട്ടവര്‍ അന്തിയുറങ്ങുന്ന സ്ഥലത്ത് കുറച്ചു സമയം വന്നിരിക്കുവാനും അവരുടെ കുഴിമാടങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കുവാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് അവിടെത്തെ ഭരണാധികാരികള്‍.

റോഡിനു ഇരുവശത്തും ഉള്ള കുടിരങ്ങള്‍ പല തരത്തില്‍ ഉള്ളതാണ്.ചൈനീസ്,ഹിന്ദു,മുസ്ലീം,പഞ്ചാബിസ് എന്നിങ്ങനെ തരം തിരിച്ചു ഭംഗിയായി സൂക്ഷിക്കുന്ന സെമിത്തേരികള്‍   അത്ഭുത കാഴ്ചത്തന്നെയാണ്.ഈ റോഡിലൂടെ വാഹനങ്ങള്‍ തീരെ കുറവാണ്.ശാന്തമായ സ്ഥലം.വഴിയില്‍ പലയിടത്തും ബോര്‍ഡുകള്‍ കണ്ടു.ഓരോ കുട്ടരുടെയും സെമിത്തേരികള്‍ തിരിച്ചറിയുവാനുള്ള  ബോര്‍ഡുകള്‍ ആയിരുന്നു.എല്ലാത്തിലും നമ്പറുകള്‍ ഉണ്ട്.36 വരെ ഞാന്‍ എണ്ണി.

ചൈനീസ് ശവകുടിരങ്ങള്‍ ഒരു പ്രത്യേക തരത്തില്‍ ഉള്ളതാണ്.ചെറിയ കളിവീടുകള്‍ പോലെ അടുക്കി അടുക്കി നിര നിരയായി വച്ചിരിക്കുന്ന കല്ലറകള്‍.അതിനു മുകളില്‍ വെട്ടി നിര്‍ത്തിയ പുല്ലിന്റെ പരവതാനിയും കാണാം.കല്ലറകള്‍ക്ക് മുന്നില്‍ ചെറിയ തൂണുകളും അതില്‍ സിംഹത്തിന്റെ തലയും കൊത്തിയിട്ടുണ്ട്.ഈ കല്ലറയില്‍ ചൈനീസ് ലിബിയില്‍ മരിച്ചവരെകുറിച്ചുള്ള വിവരങ്ങളും ചിലതില്‍ ഫോട്ടോകളും വച്ചിട്ടുണ്ട്.ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ച കല്ലറകള്‍ ആയിരുന്നു അവടെ കാണുവാന്‍ സാധിച്ചത്. 

മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും അതാത് ആചാരപ്രകാരം ഉള്ള ശവ കല്ലറകള്‍ റോഡിനു ഇരുവശവും യാത്രയില്‍ കണ്ടു.മുസ്ലിം കല്ലറകള്‍ക്ക് മുകളില്‍ ടൗവല്‍ പോലെ തൂവെള്ള തുണിയിട്ടിരിക്കുന്നു.ദൂരെ നിന്ന് കാണുമ്പോള്‍ കൊക്കുകള്‍ ഇരിക്കുന്നതുപോലെ തോന്നും. ഓരോ കൂട്ടരുടെയും സെമിത്തേരികള്‍ എളുപ്പം തിരിച്ചറിയുവാന്‍  ഇടയ്ക്കിടയ്ക്ക് റോഡില്‍ ബോര്‍ഡ് വച്ചിട്ടുണ്ട്.ഇടക്ക് പൂ കടകളും കാണാം.

 Chainees semitheri path 36 എന്ന സ്ഥലത്ത് വണ്ടി നിര്‍ത്തി.അവിടെ നട്ടുവളര്‍ത്തി വെട്ടി നിര്‍ത്തിയ  പുല്ലുകള്‍.ആ വഴിയുടെ ഇരുവശവും ചൈനീസ് ശവ കല്ലറകള്‍.അതില്‍ ഇടക്ക് വാടാത്ത പൂക്കളും കണ്ടു.അടുത്ത സമയത്ത് മരണം വരിച്ച ആരുടെയോ കല്ലറ ആയിരുന്നു അത്.അങ്ങ് ദൂരെ ഇതിനിടയ്ക്കുള്ള ഒരു ബെഞ്ചില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടു.അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട ആരുടെയോ കല്ലറ അടുത്ത് തന്നെ കാണും.അകന്നുപോയവരുടെ അടുത്ത് കുറച്ചു സമയം വന്നിരിക്കുന്നവര്‍.പലരും തിരക്കുകളില്‍നിന്ന് ആശ്വാസം കിട്ടുവാന്‍  ഈ വഴി വണ്ടി ഓടിച്ചു വന്നു ഇവിടെ  കുറച്ചു നേരം ഇരിക്കാറുണ്ട്.  

വീണ്ടും വണ്ടി കുറച്ചു ദൂരം പോയപ്പോള്‍ ഒരു സൈഡില്‍  ഫ്‌ലാറ്റുകളുടെ പണി നടക്കുന്നത് കണ്ടു.പണി തീര്‍ന്ന ഫ്‌ലാറ്റുകളും  ഉണ്ട്.ഇത് ആളുകള്‍ക്ക് താമസിക്കുവാന്‍ ഉള്ളതല്ല. കല്ലറകള്‍ നിറയുമ്പോള്‍ പഴയ കല്ലറകള്‍ പൊളിച്ചു മാറ്റും.ആ കല്ലറയില്‍ നിന്ന് കിട്ടുന്ന ശരീരങ്ങളുടെ ഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഫ്‌ലാറ്റുകള്‍ ആണ് ഇതെല്ലാം.ജീവിച്ചിരിക്കുന്ന ജനങ്ങളുടെ താമസ സൗകര്യം ഒരുക്കുന്നത് പോലെ തന്നെ മരണം വരിച്ചവര്‍ക്കും വേണ്ട സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.ഫ്‌ലാറ്റിലെ ഓരോ മുറിയിലും  നിറയെ ലോക്കറുകള്‍.നമ്മുടെ ഇവിടെത്തെ ബാങ്കുകളുടെ ലോക്കറുകള്‍ പോലെ സുരക്ഷിതമായ സ്ഥലം.

ഇവിടെ കല്ലറയില്‍ നിന്ന് കിട്ടിയ അസ്ഥികള്‍  സൂക്ഷിച്ചു വയ്ക്കും.ലോക്കാറിന്റെ പുറത്ത്  മരിച്ച ആളുടെ പേരും അവകാശികളുടെ വിവരങ്ങളും ഫോണ്‍ നമ്പറും കാണും.അവകാശികള്‍ക്ക് വന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള ചടങ്ങുകള്‍ എത്ര  നാള്‍ കഴിഞ്ഞാലും നടത്തുവാന്‍ ഉള്ള സൗകര്യവും  ഒരുക്കിയിരിക്കുന്നു.വേണമെങ്കില്‍ അവര്‍ക്ക് കൊണ്ടുപോകുവാനുള്ള സൗകര്യവും അവിടെ ഉണ്ട്.മരിച്ചവര്‍ക്ക് ഇത്ര ആദരവ് കൊടുക്കുന്ന ഈ ചെറിയ രാജ്യത്തെ നമിക്കാതെ  ഇരിക്കാന്‍ വയ്യ

ഈ കാഴ്ച്ചകള്‍  കാണാതെ  പോന്നിരുന്നെങ്കില്‍ സിങ്കപ്പൂര്‍ യാത്രയിലെ വലിയ ഒരു നഷ്ടം  തന്നെ ആയിരുന്നു.തിരിച്ചു പോരുമ്പോള്‍  പൂക്കളാല്‍  അലങ്കരിച്ച ഒരു വാഹനം കടന്നു പോകുന്നത് കണ്ടു.അവിടെക്കു വരുന്നു പുതിയ അതിഥി ആയിരുന്നു അതില്‍  ഉണ്ടായിരുന്നത്.മൗനമായി പതിയെ പുറകെ രണ്ടു വാഹനങ്ങളും കടന്നുപോയി.തിരിഞ്ഞു നോക്കിയപ്പോള്‍ അവ പൂന്തോട്ടത്തില്‍ മറഞ്ഞിരുന്നു.

ഇന്ദിര തുറവൂര് 

Leave a Reply

Your email address will not be published. Required fields are marked *