പാലക്കാട്: സരസ് മേളയില്‍ രാമച്ച സുഗന്ധം പടര്‍ത്തിയാണ് അട്ടപ്പാടി ജെല്ലിപ്പാറയില്‍ നിന്നും അമ്മിണി എന്ന അറുപതുകാരി ദേശീയ സരസ് മേളയിലെത്തിയത്.അട്ടപ്പാടി,ചാവക്കാട് എന്നിവിടങ്ങളില്‍ നിന്നായി ഒരു വര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് രാമച്ചത്തിന്റെ വേരുകള്‍ വാങ്ങി അതുകൊണ്ട് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാണ് അമ്മിണിയും കുടുംബവും ജീവിതം മുന്നോട്ടു നയിക്കുന്നത്.സരസ് മേളയില്‍ രാമച്ചത്തിന്റെ സ്ക്രബ്ബറിനാണ് കൂടുതല്‍ ആവശ്യക്കാര്‍. 25 രൂപയാണ് വില.

തന്റെ മുപ്പതാം വയസ്സില്‍ ഭര്‍ത്താവിന് തളര്‍ന്ന് കിടപ്പിലായി.കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ആകെ തകര്‍ന്നു.ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ വീടിനു സമീപത്തെ രാമച്ച നെയ്യല് കേന്ദ്രത്തിലേക്ക് പോയി.അവിടെ നിന്നും രാമച്ച കിടക്കയുണ്ടാക്കാന്‍ പഠിച്ചു.തുടര്‍ന്ന് കുഷ്യന്, തലയിണ,സ്ക്രബര്‍ തുടങ്ങി കൂടുതല്‍ രാമച്ച ഉല്‍പ്പന്നങ്ങളുണ്ടാക്കി സ്വന്തമായി വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു.
ഒരു ദിവസം നൂറോളം സ്ക്രബ്ബറുകളുണ്ടാക്കും.ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ സൈലന്റ് വാലി ഫോറസ്റ്റ് ഓഫീസിലും കൊടുക്കും.കൂടാതെ ജില്ലയിലെ വിവിധ മേളകളിലും പങ്കെടുക്കാറുണ്ട്.ജില്ലയിലെ നിരവധി കടകളിലും അമ്മിണിയുടെ സ്ക്രബര്‍ സജീവമാണ്.അട്ടപ്പാടി ജെല്ലിപ്പാറ ഐശ്വര്യ കുടുംബശ്രീയിലെ നിത്യ യൂണിറ്റ് അംഗമാണ് അമ്മിണി.

