ഗുരുവായൂർ ദർശനം ഒരു പുണ്യമാണ്. മഹാഭാഗ്യമാണ് എന്നൊക്കെ വിശ്വസിക്കുന്ന കൂട്ടത്തിൽ ആണ് ഞാനും. എങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പേരക്കുട്ടിക്ക് ചോറ് കൊടുക്കാൻ കുഞ്ഞിനെയുമായി ഗുരുവായൂർ പോയ ഒരു അനുജത്തിയുടെ അനുഭവം കേട്ടപ്പോൾ വിഷമം തോന്നി. ഈ വിഷമം തന്നെ ഇതേ പോലെ സഹിച്ച മറ്റനേകം പേരും ഉണ്ടാകുമല്ലോ. മണിക്കൂറുകൾ നീളൻ ക്യു വിൽ നിന്ന് എങ്ങനെയൊക്കെയോ ശ്രീകോവിലിനു മുന്നിലെത്തി. ഒന്ന് കൈ കൂപ്പാനോ കണ്ണു ചിമ്മി നോക്കാനോ കഴിയും മുൻപ് ഗ്ലൗസ് ഇട്ട കൈകളാൽ തള്ളി മാറ്റപ്പെട്ട അവസ്ഥയിൽ വീഴാതെ അവൾ തെന്നി മാറി. അനേകരുടെ ദേഹത്ത് തൊട്ടു തള്ളി വിടുന്ന ആ ഗ്ലൗസുകൾ അഴുക്കു പുരണ്ടു തീർത്തും വൃത്തിഹീനമായിരുന്നു. തിരക്ക് കൊണ്ടാണ് പെട്ടെന്ന് തള്ളി മാറ്റി വിടുന്നത് എങ്കിലും അത്രയും സമയം മണിക്കൂറുകളോളം ക്യു വിൽ നിന്ന് ഒരു നോക്കു കണ്ണനെ കാണാൻ പറ്റാതെ മാറുമ്പോൾ ആർക്കായാലും വല്ലാതെ സങ്കടം തോന്നും. ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന തോന്നലുമായി മണിക്കൂറുകൾ യാത്ര ചെയ്തു തിരികെ വീട്ടിൽ എത്തുമ്പോൾ ഉള്ള മാനസികാവസ്ഥയും ഊഹിക്കാം. “സാരമില്ല നീ എന്റെ മനക്കണ്ണിൽ ഉണ്ടല്ലോ “എന്ന് സ്വയം പറഞ്ഞ് വേണമെങ്കിൽ ആശ്വസിക്കാം.പിന്നെ അവിടെത്തി ആ ദർശനപുണ്യം പകർന്ന സൗഭാഗ്യത്തിൽ സന്തോഷിക്കാം.
ഒരിക്കൽ ഗുരുവായൂർ നടയിൽ നിന്ന് പോരാൻ നേരം കാറിലിരുന്ന കൂട്ടുകാരി എന്നോട് ചോദിച്ചു
“ഇപ്പോൾ ചേച്ചിയുടെ കഥ ഒന്നും വരാറില്ലേ?”
“വരും… ഞാൻ കഥ കൊടുത്താൽ പിന്നെ വിളിക്കാറൊന്നുമില്ല. കാത്തിരിക്കും. ചിലത് കുറെ കഴിയുമ്പോൾ വരും. വന്നാൽ വന്നു. പോയാൽ പോയി… അതാ ന്റെ സ്വഭാവം. കൊടുത്തിട്ടുണ്ട്..എന്നെങ്കിലും വരുമായിരിക്കും “ഞാൻ അത്രയും പറഞ്ഞ് തീർന്നു അല്പം കഴിഞ്ഞപ്പോൾ ഒരു മെസ്സേജ് ഫോണിൽ.
“അടുത്ത ആഴ്ച്ച ദേശാഭിമാനിയിൽ താങ്കളുടെ കഥയുണ്ട് കേട്ടോ. ചിത്രം വരച്ചത് ഞാനാണ്..” ഞാൻ അത്ഭുതപ്പെട്ടുപോയി. ഉടനെ ചിത്രം വന്നു. മുറിച്ചിട്ടിരിക്കുന്ന രക്തം വാർന്നൊഴുകുന്ന പുരുഷ ലിംഗം.
“താങ്ക് യു.. നന്നായിട്ടുണ്ട്”
എന്ന് മറുപടി അയച്ചു. പിറ്റേ ആഴ്ച്ച “ആഗ്നേയം” എന്ന കഥ ദേശാഭിമാനിയിൽ വന്നു. കഥയിലെ ഇസബെല്ല മുറിച്ചിട്ട പുരുഷലിംഗം ഗോവിന്ദച്ചാമിയുടെ കൊടുംക്രൂരതയെ കഥയാക്കിയപ്പോൾ എനിക്ക് തോന്നിയ ഒരു സങ്കൽപമാണ്. ഇപ്പോൾ ഇത് സാന്ദർഭികമായി പറഞ്ഞത് മാത്രം.
എങ്കിലും എനിക്ക് അന്നത്തെ ദർശനപുണ്യം ഒരു കഥയായി അച്ചടിച്ചിട്ടുണ്ട് എന്ന് അവിടെ വെച്ച് തന്നെ അറിയിച്ച “കണ്ണാ ഗുരുവായൂരപ്പാ.. എന്നെ നീ അറിഞ്ഞു.” എന്നോ നിന്നെ ഞാൻ അറിഞ്ഞു എന്നോ ഏതാണ് പാടേണ്ടത്.?.എങ്ങനെയാണ് സ്തുതിക്കേണ്ടത്.?
ഇത്തിരി നേരം കൂടി… അല്ലെങ്കിൽ
ഒരു നിമിഷം കൂടിയെങ്കിലും ആ നടയിൽ നിൽക്കാനും നിന്നെ കാണാനുമുള്ള മോഹം കൊണ്ട് നിന്റെ തികച്ചും സാധാരണക്കാരായ ഭക്തർക്ക് വേണ്ടി അല്പം സമയം ചോദിച്ചു പോയതാണേ.. അതിനുള്ള സാവകാശം കൂടി ഒരുക്കാൻ ഈ കണ്ണൻ വിചാരിച്ചാൽ നടക്കില്ലേ.? ഒന്ന് കൈ കൂപ്പാൻ.. ഒരു നിമിഷം ഒന്ന് കാണാൻ മാത്രം എങ്കിലും


