മകരവിളക്ക് മഹോത്സവം; മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി.

ശബരിമല :- മകരവിളക്കിനോട് അനുബന്ധിച്ച് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി. വനം വകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷ യാത്ര ഇടത്താവളം ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന് മകരജ്യോതി ദര്‍ശന ഇടങ്ങളായ പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷ പരിശോധിച്ചു.

പഞ്ഞിപ്പാറയില്‍ സുരക്ഷാവേലി ഉള്‍പ്പെടെയുള്ള നിര്‍മാണം പുരോഗമിക്കുന്നു. ഇവിടെ ഭക്തര്‍ക്കായി അന്നദാനം ഒരുക്കും. ആരോഗ്യവകുപ്പിന്റെ കീഴില്‍ ആംബുലന്‍സ് സൗകര്യം ദര്‍ശന ഇടങ്ങളില്‍ ഉറപ്പാക്കും.

സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് വിരിവയ്ക്കാനും ടോയ്‌ലറ്റ് സൗകര്യവും പഞ്ഞിപ്പാറയില്‍ തയ്യാറായി. ദര്‍ശന ഇടങ്ങളിലെല്ലാം കുടിവെള്ളം ഉറപ്പാക്കും. ഇലവുങ്കല്‍, അട്ടത്തോട്, നെല്ലിമല ദര്‍ശന ഇടങ്ങളില്‍ സുരക്ഷാവേലി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. നെല്ലിമലയില്‍ അടക്കം ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കും. പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദര്‍ശന ഇടങ്ങളില്‍ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ജനുവരി 14 നാണ് ശബരിമല മകരവിളക്ക്.
ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, റാന്നി ഡിഎഫ്ഒ എന്‍ രാജേഷ് കുമാര്‍, ദുരന്തനിവാരണം വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *