ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്നേഹികള്‍ക്ക് രണ്ടാം ദിവസവും സുപ്രീംകോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ മൃഗസ്നേഹികളും ക്ഷേമ പ്രവര്‍ത്തകരും എബിസി (ആനിമല്‍ ബെര്‍ത്ത് കണ്ട്രോൾ) നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടിക്കുറവ് മൂലം ജനങ്ങള്‍ കഷ്ടപ്പെടേണ്ടതുണ്ടോ എന്നാണ് കോടതി ചോദിച്ചത്.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വാക്സിനേഷന് ചെയ്ത് തിരിച്ചുവിടുന്ന മാതൃക ഫലപ്രദമാണെന്ന് സീനിയര്‍ അഭിഭാഷകരായ നകുല്‍ ദിവാൻ, കരുണ നന്ദി, ശ്യാം ദിവാന് തുടങ്ങിയവര്‍ വാദിച്ചു. ഐ.ഐ.ടി ഡല്‍ഹി ക്യാമ്പസിലെ മാതൃക ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കരുണ നന്ദി, അവിടെ എബിസി പ്രോഗ്രാം ശക്തമായി നടപ്പാക്കിയതോടെ മൂന്ന് വര്‍ഷമായി റാബീസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തെരുവുനായ അക്രമങ്ങള്‍ ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി. മൈക്രോചിപ്പിങ്, ജിയോ ടാഗിങ് എന്നിവയും തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമാണെന്ന് അവര്‍ പറഞ്ഞു.
പെറ്റ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ 96 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല മുനിസിപ്പല്‍ അധികൃതരും കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണന് ചൂണ്ടിക്കാട്ടി. രാജ്യത്താകെ തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ വിരലിലെണ്ണാവുന്നതാണെന്നും ഡല്‍ഹി യൂണിവേഴ്സിറ്റി ലോ ഫാക്കല്‍റ്റി വിദ്യാര്‍ഥികള്‍ നടത്തിയ സെന്‍സസ് ഉദാഹരിച്ച് അഭിഭാഷകര്‍ പറഞ്ഞു.

