ഇടതു പക്ഷത്തിന് തിരിച്ചടി; സിപി എം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയിലേയ്ക്ക്,അറുത്ത് മാറ്റിയത് 35 വര്‍ഷത്തെ ബന്ധം

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് സി.പി.എമ്മിന്റെ സാംസ്‌കാരിക മുഖങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന റെജി ലൂക്കോസ് ബി ജെ പിയില്‍ ചേര്‍ന്നു. ചാനല്‍ ചര്‍ച്ചകളിലും സാംസ്‌കാരിക വേദികളിലും ഇടത് പക്ഷത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന ഒരാളായിരുന്നു.റെജി ലൂക്കോസ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.മുപ്പത്തഞ്ചു വര്‍ഷത്തെ ഇടതു സഹകരണം അവസാനിപ്പിച്ചാണ് അദ്ദേഹം താമര ചിഹ്നത്തിന്റെ കീഴിലെത്തിയത്‌ റെജി ലൂക്കോസിനൊപ്പം മറ്റു ചില സാംസ്‌കാരിക പ്രവര്‍ത്തകരും ബിജെപിയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇടതുപക്ഷത്തോടുള്ള വിയോജിപ്പാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെന്ന് റെജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എം അതിന്റെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും, പാര്‍ട്ടിയില്‍ ഇപ്പോള്‍ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി നടത്തുന്ന സ്വാധീനശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

കേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ‘സ്‌നേഹയാത്ര’ പോലുള്ള പരിപാടികള്‍ക്ക് ഈ നീക്കം കരുത്തേകും.സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്ക് ഇടത് കേന്ദ്രങ്ങളില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, അവസരവാദപരമായ നീക്കമാണിതെന്ന് ഇടത് നേതാക്കള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *