ന്യൂഡൽഹി: കുറഞ്ഞത് 18 പേരെങ്കിലും മരണപ്പെട്ട ഇൻഡോർ മലിനജലദുരന്തത്തിൽ സുപ്രീംകോടതിതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്ഗ്രസ്. കേന്ദ്ര, അന്തർദേശീയ ധനസഹായം ഗണ്യമായി ലഭിച്ചിട്ടും സുരക്ഷിതമായ കുടിവെള്ളം നൽകുകയെന്ന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ മധ്യപ്രദേശിലെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി സർക്കാരിനെ വിഷയത്തിൽ ബാധ്യസ്ഥരാക്കേണ്ടതുണ്ടെന്നും കോണ്ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
നഗര ജലവിതരണ, പരിസ്ഥിതി മെച്ചപ്പെടുത്തൽ പദ്ധതിക്കായി മധ്യപ്രദേശ് സർക്കാരിനു 2003ൽ 200 ദശലക്ഷം യുഎസ് ഡോളറും 2008ൽ 71 ദശലക്ഷം യുഎസ് ഡോളറും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) വായ്പ നൽകിയെന്നും ഈ പണത്തിന് എന്തുസംഭവിച്ചുവെന്നും കോണ്ഗ്രസ് നേതാവ് ചോദിച്ചു.
എഡിബി രേഖകൾ പ്രകാരം ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ജലലഭ്യത, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിൽ ജല ഗുണനിലവാര പരിശോധനയും നിരീക്ഷണ റിപ്പോർട്ട് തയാറാക്കലുകളും നിർണായക അടിസ്ഥാനസൗകര്യ പദ്ധതികളും കൃത്യമായി പൂർത്തിയാക്കിയിട്ടില്ലെന്ന് പവൻ പറഞ്ഞു.

