പാലക്കാട് :അടുക്കളയിലെ രാജാവായി മാറി ഒന്നിൽ അഞ്ച് ഉപയോഗം നൽകുന്ന ഉല്പന്നവുമായി സരസ് മേള കീഴടക്കുകയാണ് ഇടുക്കി സ്വദേശിനിയായ സൗമ്യ ജിനീഷ് .മരം കൊണ്ട് നിർമ്മിച്ച ചിരവയാണ് മൾട്ടി പർപ്പസുമായി മേളയിലെത്തിയിട്ടുള്ളത്. തേങ്ങ ചിരവാനും, ഇടിയപ്പം,ഇറച്ചി, പച്ചക്കറി എന്നിവ നുറുക്കുന്നതിനും ഇരിക്കാൻ സ്റ്റൂളായും ഉപയോഗിക്കാൻ കഴിയുന്ന വീട്ടമ്മമാരുടെ ജനപ്രീതി നേടിയ ഉല്പന്നം കൂടിയാണിത്. ഈട്ടിയിൽ നിർമ്മിച്ചതിന് 4500 രൂപയും തേക്കിൽ നിർമ്മിച്ച ഉല്പന്നത്തിന് 8500 രൂപയുമാണ് വില.
ഇടുക്കി തൊടുപുഴ വണ്ണപ്പുറം അക്ഷര ജ്യോതി കുടുംബശ്രീയിലെ അംഗമാണ് സൗമ്യ അഞ്ചാം തവണയാണ് സരസ് മേളയിലെത്തുന്നത്. ആമസോണിലൂടെ ഇതുപോലുള്ള മുപ്പതോളം ഉല്പന്നങ്ങൾ സൗമ്യ വിൽപ്പന നടത്തുന്നു.ഇൻ്റീരിയർ ഡിസൈനറായ ഭർത്താവ് ജിനീഷിൻ്റെ സഹായത്തോടെയാണ് സംരംഭം ആരംഭിച്ചതെന്നും ഇതോടൊപ്പം കുടുംബശ്രീയുടെ പ്രോത്സാഹനവും ലഭിച്ചെന്നും സൗമ്യ പറഞ്ഞു.
മാജിക് ബോക്സും സ്റ്റാളിൽ കൗതുകമുണർത്തുന്നു.ചിരവയ്ക്കൊപ്പം കത്തി ,ചപ്പാത്തി പലക, കട്ടിങ്ങ് ടേബിളും കൂടിയ മാജിക് ബോക്സിന് 1800 രൂപയാണ് വില. ഇത് കൂടാതെ ചപ്പാത്തി പലക , മൊബൈൽ ഹോൾഡർ, ടേബിൾ ടോപ്പ് ചിരവ് എന്നിങ്ങനെ കരകൗശല വസ്തുക്കളും സൗമ്യയുടെ സ്റ്റാളിലുണ്ട്.

