കഥ പറയുന്ന പ്രണയ സൗധം
പര്‍വ്വതാരോഹകനായ ഡോ.മുഹമ്മദ് സഹദ് സാലിഹ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കിഴേടത്ത് സാലിഹ് സുഹദ ദമ്പതികളുടെ മകനാണ്.സിവില്‍ സര്‍വ്വീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സഹദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.പശ്ചിമഘട്ട പര്‍വ്വതാരോഹകനായ ഇദ്ദേഹം 20 ഓളം ട്രെക്കിംഗുകള്‍ നടത്തിയിട്ടുണ്ട്
തുടര്‍ച്ച….
ഉച്ചയോടെ മൊഹസ റെയില്‍വേ സ്റ്റേഷന് എത്തി അവിടെ മധ്യപ്രദേശ് – ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെ വേര്‍തിരിച്ച് ബേതുവ നദിയുടെ പോഷക നദിയായ നാരായണി നദി ഒഴുകുന്നു.ഏകദേശം 4 തവണ മധ്യപ്രദേശ് ഉത്തര്‍ പ്രദേശ് സംസ്ഥങ്ങളിലൂടെ ട്രെയിന്‍ ഓടി വീണ്ടും മധ്യപ്രദേശില്‍ തന്നെ തിരികെയെത്തി.ചൂട് അല്പം കുറഞ്ഞ കാലാവസ്ഥ.ചുറ്റും വന മേഖലകള്‍,ഇടക്ക് ചെറിയ ഗ്രാമങ്ങള്‍ കാണാം.കോട്രാ റെയില്‍വെ സ്റ്റേഷന് കഴിഞ്ഞാല്‍ യമുനാ നദിയുടെ മറ്റൊരു പോഷക നദിയായ സിന്ധ് നദി.അതില്‍ ചെറു വള്ളത്തിലും വഞ്ചിയിലും ആളുകള്‍ സഞ്ചരിക്കുന്ന കാഴ്ചകള്‍.
ഗ്വാളിയോര്‍ നഗരവും പിന്നിട്ട് ട്രെയിന്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു.വിത്യസ്തമായ കാഴ്ചകള്‍ ഒന്നും തന്നെ കാണുന്നില്ല. കൊയ്യാന്‍ കാത്തിരിക്കുന്ന നെല്‍ പാടങ്ങളാണ് ചുറ്റും.നെല്‍പ്പാടങ്ങളുടെ ഇടയിലൂടെ തണല്‍ മരങ്ങള്‍ നില്‍ക്കുന്നത് കാണാന്‍ നല്ല ചന്ദമാണ്.വൈകുന്നേര സമയം.വെയില് കുറഞ്ഞി രിക്കുന്നു.എങ്കിലും ആളുകള്‍ കൃഷി സ്ഥലങ്ങളില്‍ തന്നെയുണ്ട്. ഹെതാംപൂര്‍ റെയില്‍വെ സ്റ്റേഷന് കഴിഞ്ഞാല്‍ യമുനയുടെ മറ്റൊരു പോഷക നദിയായ ചമ്പല്‍ നദിയെ മുറിച്ചു കടന്ന് ട്രെയിന്‍ രാജസ്ഥാന്റെ മണ്ണിലേക്ക് പ്രവേശിക്കും.രാജസ്ഥാന് മധ്യപ്രദേശ് സംസ്ഥങ്ങളെ ചംബല്‍ നദി വേര്‍തിരിക്കുന്നു.അതി വിശാലമായ നെല്‍പ്പാടങ്ങള്‍ കാഴ്ച വിരുന്നൊരുക്കുന്നുണ്ട്.മനോഹരമായി ചിത്രം വരച്ചിട്ട പോലെയെന്ന് തോന്നിപ്പിക്കുന്ന വിധം കൊയ്ത്തിന് പാകമായ നെല്‍പ്പാടങ്ങള്‍. ചിലത് യന്ത്രം ഉപയോഗിച്ച് കൊയ്തു മറിക്കുന്നു.ബാക്കി വന്ന വൈക്കോല്‍ പ്രത്യേക രീതിയില്‍ ചക്രത്തിന്റെ രൂപത്തില്‍ അടുക്കി വെച്ചിരിക്കുന്നു.
ചില സ്ഥലങ്ങളില്‍ വലിയ കൂനകള്‍ പോലെയും വൈക്കോല്‍ കാണാം.കാര്‍ഷിക മാലിന്യങ്ങള്‍ , ഉപയോഗ ശൂന്യമായ വൈക്കോല്‍ എന്നിവ കൂട്ടിയിട്ട് കത്തിക്കുന്നു.ആ പുകയില്‍ ദൂര കാഴ്ചകള്‍ മറഞ്ഞിരിക്കുന്നു.എവിടെയും കാര്യമായ വികസനം കാണാനില്ല.ധോല്പൂരാണ് രാജസ്ഥാനിലെ ആദ്യ പ്രധാന റെയില്‍വേ സ്റ്റേഷന്,പെട്ടെന്ന് തന്നെ രാജസ്ഥാനേയും ഉത്തര്‍പ്രദേശിനേയും വേര്‍തിരിച്ച് യമുനയുടെ മറ്റൊരു പോഷക നദി ഉതങ്കന്‍ അഥവാ ഗംഭിര്‍ നദി ഒഴുകുന്നു.ഇത് കടന്നാല്‍ പിന്നെ പൂര്‍ണമായും ഉത്തര്‍പ്രദേശിന്റെ കാഴ്ചകളാണ് .
ട്രെയിന്‍ വൈകിട്ട് 6 മണിക്ക് വെണ്ണക്കല്‍ നിര്‍മിതികളുടെ നാടായ ആഗ്രയില്‍ എത്തി.. ട്രെയിന്‍ ഇറങ്ങി പുറത്ത് കടന്നതും ട്രാവല്‍ ഏജന്‍സികളും ടാക്സികാരുടെയും വരവാണ്.. 1000 രൂപ വരെ ഉള്ള വണ്‍ ടെ സൈറ്റ് സീയിങ് സേവനങ്ങള്‍ ഒക്കെ പരിചയപ്പെടുത്തുന്നു. വലിയൊരു ഓട്ടോ ടാക്സി സ്റ്റാന്‍ഡ് ആണ് ഇവിടം.എല്ലാം ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുള്ളവ. ആഗ്രയില്‍ യൂബര്‍ ടാക്സി സേവനം ഉപയോഗിച്ചാല്‍ തട്ടിപ്പിന് ഇരയാകാതെ കുറഞ്ഞ ചിലവില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാം.ഞങ്ങള്‍ക്ക് പോകാന്‍ ഉള്ള ഹോട്ടലിലേക്ക് 100 രൂപ ആണ് ഓട്ടോ ചാര്‍ജ്.യൂബര്‍ നോക്കിയപ്പോള്‍ 50 രൂപയും.എങ്കില്‍ യൂബര്‍ വിളിച്ചു പോകാം എന്ന് പറഞ്ഞത് കേട്ടതും 50 രൂപക്ക് കൊണ്ട് വിടാം എന്നായി ഓട്ടോ ഡ്രൈവര്‍. ആളൊരു വിരുതനാണ്,പല തന്ത്രവും പയറ്റി എന്നെ വശപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ടൂറിസ്റ്റ് ആണെന്ന് അറിഞ്ഞതും നാളെ സൈറ്റ് സീയിംഗ് കൊണ്ട് പോകാം എന്നായി സംസാരം..

600 രൂപയാണ് ചാര്‍ജ് ഗവണ്മെന്റ് മേല്‍നോട്ടത്തില്‍ ആഗ്ര റെയില്‍വെ ഓട്ടോ സ്റ്റാന്‍ഡില്‍ പോലീസുകാര്‍ നല്കുന്ന 600 രൂപ പാസില്‍ ഓട്ടോയില്‍ നമുക്ക് സൈറ്റ് സിയിങ് നടത്താം.. വൈകിട്ട് 6 മണി വരെയാണ് സമയം അതിനുള്ളില്‍ യാത്ര അവസാനിച്ചില്ല എങ്കില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്ന പണം നല്‍കേണ്ടി വരും.. താമസിക്കുന്ന ഹോട്ടലിലേക്കും തിരികെ റെയില്‍വെ സ്റ്റേഷന് ലേക്കും കൊണ്ട് പോകുന്ന ചാര്‍ജ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.ഞങ്ങള്‍ 3 പേരും വലിയ ബാഗും ചുമന്നു നടക്കുന്നതില്‍ നല്ലത് 600 രൂപക്ക് ഓട്ടോ വിളിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി.. 4 പേര്‍ക്ക് ഈ പാക്കേജില്‍ സഞ്ചരിക്കാം..
I love Agra എന്ന വലിയൊരു പ്രകാശം നിറഞ്ഞ ബോര്‍ഡിന് മുന്പില് ഫോട്ടോ എടുക്കാന്‍ പോകുന്ന തിരക്കിലാണ് ഞാന്‍.ഭിക്ഷക്കാരുടെയും പോക്കറ്റടി കാരുടെയും പിടിച്ചു പറിക്കാരുടെയും പ്രധാന സ്ഥലമാണ് രാത്രി സമയത്തെ ആഗ്ര പട്ടണം.ഓട്ടോ ഡ്രൈവര്‍ ്ഞങ്ങളെയും കൊണ്ട് ഹോട്ടല്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.പല രീതിയിലും ഞങളെ ആകര്‍ഷിക്കാന്‍ ഉള്ള തന്ത്രങ്ങള്‍ നോക്കുന്നുണ്ട് അയാള്‍.പാട്ട് പാടിയും ചരിത്രം പറഞ്ഞും മുന്‍പ് അയാളുടെ വാഹനത്തില്‍ യാത്ര ചെയ്ത മലയാളികളെ ഫോണില്‍ വിളിച്ചു പരിചയപ്പെടുത്തിയും ഞങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.. രാത്രിയില്‍ പിടിച്ചു പറിക്കാര്‍ ഉണ്ടാകും അതിനാല്‍ രാത്രി പുറത്ത് ഇറങ്ങേണ്ട എന്നൊരു ഉപദേശവും തന്നു അദ്ദേഹം.. താജിന് അടുത്തുള്ള ഹോട്ടലില്‍ ആയതിനാല്‍ രാവിലെ ഞങള്‍ താജ് മഹല്‍ കണ്ട ശേഷം 10 മണിക്ക് ഹോട്ടലില്‍ വന്നാല്‍ മതിയെന്നും പറഞ് അയാളെ യാത്രയാക്കി ഞാന്‍.
ഡോ.മുഹമ്മദ് സഹദ് സാലിഹ്

