ഗോഹട്ടി: ആസാമില്‍ ഏപ്രിലില്‍ ഒഴിവാകുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിയും അതിന്‍റെ സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി, ആസാം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎൽ) തുടങ്ങിയ സഖ്യകക്ഷികള്‍ ചേര്‍ന്ന ‘യുണൈറ്റഡ് ഫ്രണ്ട്’ ഇത്തവണ മൂന്ന് സീറ്റുകളിലും മത്സരിക്കും. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിലവില്‍ ഒഴിവാകാന്‍ പോകുന്ന സീറ്റുകള്‍ രണ്ടെണ്ണം ബിജെപി എംപിമാരായ ഭുവനേശ്വര്‍ കലിത, രമേശ്വര്‍ തെലി എന്നിവരുടേതാണ്. മൂന്നാമത്തേത് സ്വതന്ത്ര എംപി അജിത് ഭുയാന്‍റേതാണ്. കഴിഞ്ഞ തവണ അജിത് ഭുയാനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാൽ, എംപി ഫണ്ടുകളുടെ ദുരുപയോഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത്തവണ ബിജെപി ഇയാള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.
ആസാം നിയമസഭയില്‍ ബിജെപിക്ക് 64 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പത്, യുപിപിഎല്ലിന് ഏഴ്, ബിപിഎഫിന് മൂന്ന് എന്നിങ്ങനെയാണ് ശക്തി. ഈ ഭൂരിപക്ഷം കൊണ്ട് തന്നെ രണ്ട് സീറ്റുകളെങ്കിലും സഖ്യത്തിന് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ തീരുമാനം ആസാം രാഷ്ട്രീയത്തില്‍ പുതിയൊരു തിരിവ് സൃഷ്ടിക്കുമെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.

