ഇന്ത്യൻ സ്ഥാപനങ്ങൾ 2025-26 സാന്പത്തികവർഷത്തിലെ ആദ്യ ഏഴുമാസം 3793 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഈ വർഷം ആകെ 6000 കോടി രൂപയ്ക്കു മുകളിലുള്ള കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലായിരിക്കും.
കഴിഞ്ഞ ഏതാനും മാസമായി നാളികേര ഉത്പാദനം വർധിച്ചുവരുന്നത് ദക്ഷിണേന്ത്യയിലെ കർഷർക്കിടയിൽ വിലയിടിവ് ആശങ്കൾക്കു കാരണമാകുന്നു.ഉത്പാദനം വർധിക്കുന്നതോടെ നാളികേരത്തിന്റെ വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. സെപ്റ്റംബറിൽ ചില്ലറവിൽപ്പനയിൽ നാളികേരവില കിലോയ്ക്ക് 90 രൂപവരെയെത്തിയതാണ്. പിന്നീടിത് ഇടിഞ്ഞ് ജനുവരി ആദ്യയആഴ്ച 55 മുതൽ 60 രൂപ വരെയെത്തി. വരും മാസങ്ങളിൽ നാളികേര ഉത്പാദനം ഗണ്യമായി ഉയരുമെന്നാണ് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (സിഡിബി) അഭിപ്രായപ്പെട്ടത്. നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടാകുന്ന വർധന വിലത്തകർച്ചയ്ക്കു കാരണമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
കർഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ടുമാസമായി നാളികേര വില താഴുകയാണ്. ശബരിമല സീസണിൽ നാളികേരത്തിനുണ്ടായ ആവശ്യകതയാണ് വിലത്തകർച്ച രൂക്ഷമാക്കാതെ സഹായിച്ചത്. ശബരിമല തീർഥാടനം ഈ മാസം 20ന് അവസാനിക്കുന്നതോടെ വില ഇനിയും കുറയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ശിവരാത്രി വരെ നാളികേര ആവശ്യകത ഉണ്ടാകുമെന്നാണ് സിഡിബി പറയുന്നത്.
അതേസമയം, വ്യാവസായിക മേഖലയിൽ നാളികേരോത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത കർഷകർക്ക് ആശ്വാസം നൽകുന്നു. ചിരട്ടയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണ്, ഡെസികേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാൽ എന്നിവയുടെ കയറ്റുമതി വർധിച്ചുവരുകയാണ്. ഇന്ത്യൻ തേങ്ങയ്ക്ക് യൂറോപ്പ് ഒരു പ്രധാന വിപണിയായി വളർന്നുവരുന്നതും ആശ്വാസം നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നാളികേരോത്പന്നങ്ങളുടെ ആവശ്യകതയിൽ യൂറോപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടന്നിട്ടുണ്ട്. ആഹാരത്തിനു മാത്രമായി ഉപയോഗിക്കുന്നതു കൂടാതെ സൗന്ദര്യവർധക വസ്തുക്കൾ, പേഴ്സണൽ കെയർ പ്രോഡക്ട്സ്, മരുന്നുകൾ എന്നിവയിലും തേങ്ങയുടെ ഉപയോഗം വർധിച്ചു.

