രാജ്യം നേരിടുന്ന ഏറ്റവുംവലിയ ആരോഗ്യഭീഷണികൾ വായുമലിനീകരണവും പോഷകാഹാരക്കുറവും – ഡോ.സൗമ്യ സ്വാമിനാഥൻ.

രാജ്യം നേരിടുന്ന ഏറ്റവുംവലിയ ആരോഗ്യഭീഷണികൾ വായുമലിനീകരണവും പോഷകാഹാരക്കുറവുമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ.സൗമ്യ സ്വാമിനാഥൻ. ഒരു നാഷണൽ കോൺക്ലേവിൽ സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യ നേരിടുന്ന പ്രധാന ആരോഗ്യഭീഷണി അപൂർവരോഗങ്ങളോ, മഹാമാരിയോ അല്ല, മറിച്ച് ആളുകൾ എന്തുകഴിക്കുന്നു എന്തു ശ്വസിക്കുന്നു എന്നതാണെന്ന് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞത്.

ഇന്ത്യയിലെ എല്ലാവർക്കും മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് പറയാനാവില്ലെന്നും പലപ്പോഴും അവഗണിക്കപ്പെടുന്ന വിഷയമാണിതെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കുമ്പോഴും വിറ്റാമിനുകളോ മിനറലുകളോ കുറഞ്ഞുവരുന്ന അവസ്ഥയാണിത്. മസ്തിഷ്കം വലിയതോതിൽ വളർന്നുകൊണ്ടിരിക്കുന്ന ആദ്യഅഞ്ചുവർഷക്കാലയളവിൽ കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ പ്രത്യാഘാതം നീണ്ടുനിൽക്കുന്നതായിരിക്കുമെന്നും അവർ പറഞ്ഞു. 2047-ലേക്ക് നോക്കുമ്പോൾ ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് അന്ന് ഇരുപത്തിയൊന്ന് വയസ്സ് പ്രായമായിക്കാണും. അതിനാൽ ആരോഗ്യം, പോഷകം എന്നിവയിലൂന്നിയുള്ള വികസനമാണ് ലക്ഷ്യമിടേണ്ടത്. വരും ദശകങ്ങളിൽ ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ ഗുണനിലവാരം വിദ്യാഭ്യാസം, ജോലി എന്നതിൽ മാത്രമല്ല, കുട്ടികൾ പോഷകാഹാരം കഴിച്ച്, മാനസികാരോഗ്യമുള്ളവരായി ആരോഗ്യത്തോടെ വളരുന്നുണ്ടോ എന്നതിലാണെന്നും ഡോ.സൗമ്. സ്വാമിനാഥൻ പറഞ്ഞു.

അനാരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി അമിതവണ്ണവും കൂടുന്നുണ്ട്. നല്ല ഭക്ഷണം എന്നത് വിലയേറിയ ഭക്ഷണമല്ലെന്നും അവർ പറഞ്ഞു. സംസ്കരിച്ച ഭക്ഷണങ്ങളും പാക്കറ്റിലുള്ളവയുമൊക്കെ വ്യാപകമായി കഴിക്കുന്നതുമൂലം പലരിലും അമിതവണ്ണവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കൂടുതലാണിന്ന്. ഇതിനുപകരം പഴങ്ങളും പച്ചക്കറികളും മാംസാഹാരങ്ങളും ധാന്യങ്ങളുമൊക്കെ കൂടിച്ചേർന്ന സമീകൃതമായ ആഹാരരീതിയാണ് ആരോഗ്യകരമായ ശരീരത്തിന്റെ അടിസ്ഥാനം.

പോഷകാഹാരക്കുറവിനൊപ്പം വായുമലിനീകരണവും രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധിയാണെന്ന് ഡോ.സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി. വായുമലിനീകരണം നമ്മുടെ ജീവിതത്തിൽ നിന്നും ഒരുപാട് വർഷങ്ങൾ കുറയ്ക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർമാത്രമല്ല ആരോഗ്യവാന്മാരായ ആളുകളെപ്പോലും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ഇന്ത്യയിൽ ഓരോവർഷവും വായുമലിനീകരണം മൂലം ദശലക്ഷക്കണക്കിന് ആളുകൾക്ക് അകാലമരണം സംഭവിക്കുന്നുണ്ട്. വായുമലിനീകരണം മൂലം ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പലപഠനങ്ങളും പറയുന്നുണ്ട്. വായുമലിനീകരണവും പോഷകാഹാരക്കുറവും ഒരുപോലെ പ്രതിരോധശേഷി കുറയ്ക്കുക, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി കുറയ്ക്കുക, രോഗസാധ്യത കൂട്ടുക, ഉത്പാദനക്ഷമത കുറയ്ക്കുക എന്നിവയ്ക്കും കാരണമാകും. ഗൗരവത്താടെ സമീപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയേപ്പോലും ബാധിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *