ന്യൂഡൽഹി: ജമ്മു കാശ്മിരീലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക് സമീപം പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട്. ഒരു ഡ്രോണിന് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശത്ത് പ്രകാശം പരത്തുന്ന ട്രേസർ റൗണ്ടുകൾ കാണിക്കുന്ന വീഡിയോയും പുറത്തുവന്നു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ വർഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.
ഇന്നലെ പാക് അധിന കാശ്മീരിന്റെ ഭാഗത്ത് നിന്നെത്തിയ ഒരു ഡ്രോൺ സാംബ സെക്ടറിൽ ആയുധങ്ങൾ വർഷിച്ചതായി സൈന്യം പറഞ്ഞു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ പ്രയോഗിച്ചതായും സൈന്യം അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനു ശേഷം ഡ്രോൺ സാന്നിദ്ധ്യം ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ന് മാത്രം കുറഞ്ഞത് അഞ്ച് പാകിസ്ഥാൻ ഡ്രോണുകളുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യൻ പ്രദേശത്ത് ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിക്കാനും സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കാനുമാണ് പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്.

