മനുഷ്യരെ ചന്ദ്രനില്‍ വീണ്ടും എത്തിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രഖ്യാപിച്ച ആര്‍ട്ടെമിസ് ദൗത്യത്തിലെ രണ്ടാം വിക്ഷേപണം ഫെബ്രുവരിയില്‍ നടന്നേക്കും. ആര്‍ട്ടെമിസ് ദൗത്യത്തിലെ മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണമാണ് (ആര്‍ട്ടെമിസ് 2) ഇനി നടക്കാനിരിക്കുന്നത്. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറെമി ഹാന്‍സെന്‍ എന്നിവരാണ് പത്ത് ദിവസത്തെ ദൗത്യത്തില്‍ പങ്കെടുക്കുക.ഓറിയോണ്‍ പേടകത്തില്‍ ചന്ദ്രനെ വലം വെച്ച് മടങ്ങിവരികയാണ് ലക്ഷ്യം.ഓറിയോണ്‍ പേടകത്തില്‍ മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ പരീക്ഷണമാണ് ഈ ദൗത്യം.
ഈ ദൗത്യത്തില്‍ നിന്നുള്ള പാഠങ്ങള്‍ അനുസരിച്ചാവും ചന്ദ്രനില്‍ മനുഷ്യരെ ഇറക്കുന്നതിനുള്ള അടുത്ത ദൗത്യങ്ങള്‍ തയ്യാറാക്കുക.കേവലം പഠനം എന്നലുപരി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ അവസാനിക്കുന്നതോടെ ചന്ദ്രനില്‍ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള താവളം സ്ഥാപിക്കുകയെന്ന ലക്ഷ്യം നാസയ്ക്കുണ്ട്.
നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ദൗത്യ സംഘം ഇതിനകം ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ വെച്ച് നിരവധി തവണ ഡ്രസ് റിഹേഴ്സലുകള്‍ നടത്തിക്കഴിഞ്ഞു. പേടകത്തിന്റെ പരീക്ഷണം കൂടിയായതിനാല്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടെ പ്രതിസന്ധികള്‍ നേരിട്ടാല്‍ ദൗത്യമുപേക്ഷിച്ച് പേടകം തിരികെ ഇറക്കുകയാണ് ചെയ്യുക.
1972 ന് ശേഷം നടക്കുന്ന മനുഷ്യരെ വഹിച്ചുള്ള ആദ്യ ചാന്ദ്രദൗത്യമായിരിക്കും ആര്‍ട്ടെമിസ് 2.ആര്‍ട്ടെമിസ് 1 വിക്ഷേപണം 2022ലായിരുന്നു. ഓറിയോണ്‍ പേടകത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ആര്‍ട്ടെമിസ് 2 ഒരുക്കിയിരിക്കുന്നത്. 5000 കോടി ഡോളറാണ് ചെലവ്. അതി സങ്കീര്‍ണമായ ഈ ദൗത്യത്തിന് എസ്എല്‍എസ് റോക്കറ്റാണ് വിക്ഷേപണ വാഹനമായി ഉപയോഗിക്കുക.ദൗത്യം വിജയമായാല്‍ ആര്‍ട്ടെമിസ് 3 ദൗത്യത്തിലൂടെ സഞ്ചാരികളെ ചന്ദ്രനിലിറക്കാനുള്ള ദൗത്യത്തിന് വഴിയൊരുങ്ങും.

