കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് ഇന്നു വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,030 രൂപയിലും പവന് 1,04,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 125 രൂപ വർധിച്ച് 10,710 രൂപയിലെത്തി.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു.
സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച പവന് 520 രൂപയും ശനിയാഴ്ച 840 രൂപയും വർധിച്ചിരുന്നു. ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ഇതിലേക്ക് ഇനി 200 രൂപയുടെ മാത്രം അകലമാണുള്ളത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔൺസിന് 4,598.41 ഡോളറിലേക്ക് കുതിച്ച സ്വര്‍ണവില നിലവിൽ 4,570 ഡോളറെന്ന നിലയിലാണ്. ഇറാനിലെ പ്രക്ഷോഭവും അമേരിക്കൻ തൊഴിൽ കണക്കുകളുമാണ് വില വർധിപ്പിച്ചത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഗ്രാമിന് 10 രൂപ കൂടി 270 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

