ന്യൂഡൽഹി: വിദ്യാർഥികളുടെ കുടുംബങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഘടനകൾ വ്യക്തമാക്കി.ഇറാനിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎംഎസ്എ) ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും (എഫ്എഐഎംഎ) അറിയിച്ചു.
ഇറാനിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളിൽ നിന്ന് തങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് എയിംസ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിൻ ഖാൻ പറഞ്ഞു. പല വിദ്യാർഥികളും നേരിട്ട് ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന വിവരം വീട്ടുകാരെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയും ഉന്നത ഉദ്യോഗസ്ഥരും വിദ്യാർഥികളുമായും പ്രാദേശിക അധികൃതരുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനും കുടുംബങ്ങളുടെ ആശങ്ക അകറ്റാനും കൃത്യമായ വിവരങ്ങൾ കൈമാറാൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും സംഘടനകൾ അറിയിച്ചു. ഇറാനിലെ വിവിധ പ്രവിശ്യകളിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിദ്യാർഥികൾക്ക് നിലവിൽ ഭീഷണിയില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

