യുകെയില്‍ തിങ്കളാഴ്ച നിലവില്‍ വന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ മലയാളി പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒന്നായി മാറി.പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
സ്കില്‍ഡ് വര്‍ക്കര്‍ വിസയില്‍ എത്തുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട മിനിമം വാര്‍ഷിക ശമ്പളം യുകെ സര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു.നിലവില്‍ ഇത് ഏകദേശം 38,700 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) ആണ്.ഇത് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.ഐടി,എന്‍ജിനീയറിങ് മേഖലകളില്‍ എത്തുന്നവര്‍ക്ക് ഈ ഉയര്‍ന്ന ശമ്പള പരിധി വലിയ വെല്ലുവിളിയാകും.ചെറിയ കമ്പനികള്‍ക്ക് ഇത്രയും വലിയ ശമ്പളത്തില്‍ വിദേശികളെ നിയമിക്കാന്‍ പ്രയാസമാകും.
ആശ്രിത വിസയിലെ നിയന്ത്രണങ്ങളുണ്ട്.കുടുംബത്തെ കൂടെ കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഹെല്‍ത്ത് ആന്റ് കെയര്‍ വിസയില്‍ എത്തുന്നവര്‍ക്ക് പങ്കാളിയെയും മക്കളെയും കൂടെ കൊണ്ടുപോകുന്നതിനുള്ള നിരോധനം തുടരുന്നു.മാസ്റ്റേഴ്സ് അല്ലെങ്കില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാന്‍ അനുവാദമില്ല.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനായി ഓരോ പ്രവാസിയും നല്‍കേണ്ട ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിച്ചു.വിസ അപേക്ഷാ വേളയില്‍ തന്നെ വലിയൊരു തുക മുന്‍കൂറായി അടയ്ക്കേണ്ടി വരുന്നത് കുടിയേറ്റക്കാര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.പഠനത്തിന് ശേഷം രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസ നിര്‍ത്തലാക്കണമെന്ന ആവശ്യം സര്‍ക്കാരിനുള്ളില്‍ ശക്തമാണ്. ഇതിനെക്കുറിച്ച് വിശദമായ പഠനം നടത്തിവരികയാണെന്നും വരും മാസങ്ങളില്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേ സമയം ചില ഇളവുകളും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്‍എച്ച്എസിലെ കടുത്ത ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നടപടികള്‍ തുടരും.ഇന്ത്യയിലെയും യുകെയിലെയും 18-30 വയസ്സിലുള്ള പ്രൊഫഷണലുകള്‍ക്ക് പരസ്പരം രാജ്യങ്ങളില്‍ പോയി ജോലി ചെയ്യാനുള്ള പ്രത്യേക ക്വാട്ട വര്‍ദ്ധിപ്പിച്ചു.

