ഐക്കണിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) തങ്ങളുടെ കരുത്തുറ്റ 650 സിസി മോട്ടോര്‍സൈക്കിള്‍ നിരയുടെ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള മോഡലുകള്‍ക്ക് ഈ വില പരിഷ്കാരം ബാധകമാണ്. ഉല്‍പ്പാദന ചിലവിലുണ്ടായ വര്‍ദ്ധനവും വിപണിയിലെ മാറ്റങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 തുടങ്ങി എല്ലാ പ്രീമിയം മോഡലുകള്‍ക്കും ഇനി കൂടുതല്‍ തുക നല്‍കണം.
വാഹനത്തിന്റെ വേരിയന്റുകള്‍ക്കും നിറത്തിനും അനുസരിച്ച് 3,200 രൂപ മുതല്‍ 4,300 രൂപ വരെയാണ് വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി പരിഷ്കാരത്തിന് ശേഷം 400സിസിക്ക് മുകളില്‍ എഞ്ചിന് ശേഷിയുള്ള ബൈക്കുകള്‍ക്ക് വില വര്‍ധനവ് നടപ്പാക്കിയിരുന്നു. അതിന് ശേഷമുള്ള മറ്റൊരു പ്രധാന വില വര്‍ദ്ധനവാണിത്.
നിലവില്‍ വിപണിയിലുള്ള ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജിടി, സൂപ്പര്‍ മീറ്റിയോര്‍, ഷോട്ട്ഗണ്‍, ബെയര്‍ 650, ക്ലാസിക് 650 എന്നീ ആറ് മോഡലുകളെയും വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ഇന്റര്‍സെപ്റ്റര്‍ 650-ന്റെ വിലയില്‍ ഏകദേശം 3,321 രൂപ മുതല്‍ 3,628 രൂപ വരെയാണ് മാറ്റം വന്നിരിക്കുന്നത്.

