ബെംഗളൂരു: ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം.കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്‍റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്.
തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തി.
സ്വർണ്ണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടെന്നും ഏകദേശം 60-70 ലക്ഷം രൂപ വിലയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സ്വർണം കണ്ടെത്തിയ ഉടൻ തന്നെ ഗ്രാമത്തിലെ മൂപ്പന്മാരെ വിവരം അറിയിച്ചതിനെത്തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തു. കണ്ടെടുത്ത വസ്തുക്കൾ ആദ്യം അടുത്തുള്ള ക്ഷേത്രത്തിൽ കനത്ത പോലീസ് സുരക്ഷയിൽ സൂക്ഷിച്ചു. പിന്നീട് സർക്കാർ ഉദ്യോഗസ്ഥരുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ പരിശോധന നടത്തി. തുടർന്ന് ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.

