തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു അമിത് ഷാ നേതാക്കൾക്കു നിർദേശം നൽകിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്പോൾ വിജയമാകണം മുഖ്യമെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം.
കേരളത്തിൽ മാറ്റം സംഭവിച്ചേ മതിയാകൂവെന്നു പറഞ്ഞ ഷാ ഇപ്പോൾ അതിനുള്ള അവസരമാണെന്നും പാർട്ടി നേതൃത്വം കഠിനപ്രതയ്നം ചെയ്താൽ അസാധ്യമല്ലെന്നും കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
കേരളത്തിൽ നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാൻ പോകരുത്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി എങ്ങനെയാണോ സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നു കണ്ടുപഠിക്കണം. ഇവിടെയും ആ രീതി തുടർന്നാൽ 2030ൽ ബിജെപിക്ക് അധികാരത്തിൽ വരാമെന്നും നേതാക്കളോടു അമിത് ഷാ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിയണമെന്ന നിർദേശവും അമിത് ഷാ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. പാർലമെന്ററി രംഗവും സംഘടനാ പ്രവർത്തനവും രണ്ടായി കാണണം. സംസ്ഥാന സെക്രട്ടറിമാർ ജനപ്രതിനിധികളായിട്ടുണ്ടെങ്കിൽ അവർ പാർട്ടി നേതൃസ്ഥാനം ഒഴിയണം.
ചെറുപ്പക്കാരെ ഈ സ്ഥാനങ്ങളിലേക്കു കൊണ്ടുവരണമെന്നും അമിത് ഷാ നിർദേശം നൽകി. സ്ഥാനാർഥികളെ സംബന്ധിച്ചു ഷാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചതായാണു വിവരം.
കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നീ പ്രധാന നേതാക്കൾ മത്സരിക്കും.
ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അമിത് ഷാ വീണ്ടും തിരുവനന്തപുരത്തെത്തും. സ്ഥാനാർഥികളെ നേരത്തേ തന്നെ തീരുമാനിച്ചു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങണമെന്നാണു ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തിനു നൽകിയ നിർദേശം. ഇക്കാര്യവും കോർ കമ്മിറ്റിയിൽ അമിത് ഷാ സൂചിപ്പിച്ചു.

