ന്യൂഡല്‍ഹി : പുരാതന ഗുജറാത്തി തീരദേശ പട്ടണമായ ദ്വാരക ഭഗവാന്‍ കൃഷ്ണന്റെ ഇതിഹാസങ്ങളുമായി ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. പുരാതന ദ്വാരക പൂര്‍ണമായും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദ്വാരക പര്യവേഷണം പുനരാരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചു. മുമ്പ് പരിശോധിക്കപ്പെടാത്ത പ്രദേശങ്ങള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പര്യവേക്ഷണം ചെയ്യുമെന്നാണ് എ.എസ്.ഐ വ്യക്തമാക്കിയിരിക്കുന്നത്.
പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ഭൂതകാലത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്ന തിനുള്ള നടപടികളിലേക്കാണ് എ.എസ്.ഐ കടക്കുന്നത്. ഇതിനായി ദ്വാരകയില്‍, കരയിലും വെള്ളത്തിനടിയിലും വീണ്ടും പുരാവസ്തു ഗവേഷണങ്ങള്‍ നടത്തും. ഇതുവരെ നടത്തിയ പരിമിതമായ പഠനങ്ങളില്‍ നിന്ന് വെള്ളത്തിനടിയിലുള്ള ശിലാ ഘടനകള്‍, മതില്‍ പോലുള്ള അവശിഷ്ടങ്ങള്‍, മനുഷ്യവാസത്തിന്റെ അടയാളങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിലാണ് പര്യവേഷണം കൂടുതല്‍ ആഴത്തിലാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്…

