ഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ സോഴ്സ് കോഡ് സര്‍ക്കാരുമായി പങ്കിടണമെന്നും സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചതായി വന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഐടി മന്ത്രാലയം തള്ളിക്കളഞ്ഞു. ഈ വാര്‍ത്തകള്‍ ‘അടിസ്ഥാനരഹിതവും തെറ്റുമാണെന്ന്’ പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.സ്മാര്‍ട്ട്ഫോണ്‍ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കമ്പനികളുമായി പതിവ് ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. സോഴ്സ് കോഡ് കൈമാറാന്‍ ഔദ്യോഗികമായി ഉത്തരവിട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മൊബൈല്‍ സെക്യൂരിറ്റി ചട്ടക്കൂട് (ITSAR) രൂപീകരിക്കുന്നതിനായി 83 ഓളം സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫോണിലെ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാനുള്ള സൗകര്യം, പശ്ചാത്തലത്തില്‍ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നത് തടയല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
സോഴ്സ് കോഡ് പോലുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ പങ്കിടുന്നത് തങ്ങളുടെ സാങ്കേതിക രഹസ്യങ്ങളെ ബാധിക്കുമെന്ന് ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരുമെന്നും എന്നാല്‍ അത് കമ്പനികളുമായി സംസാരിച്ച് അവരുടെ കൂടി അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കുമെന്നും ഐടി സെക്രട്ടറി എസ്. കൃഷ്ണന്‍ വ്യക്തമാക്കി

