ആഗോള വ്യാപാര രംഗത്ത് കരുത്തുറ്റ ചുവടുവെപ്പുകളുമായി ഇന്ത്യ. അമേരിക്കൻ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ യൂറോപ്പിനെ പ്രധാന വ്യാപാര പങ്കാളിയായി വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ഫലം കാണുന്നു. കഴിഞ്ഞ നവംബർ മാസത്തിൽ യൂറോപ്പിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 14 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 8 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഈ മാസം മാത്രം യൂറോപ്യൻ വിപണിയിലെത്തിയത്.
അമേരിക്കൻ നയങ്ങളിൽ വരുന്ന മാറ്റങ്ങൾ ആഗോള വിപണിയെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ യൂറോപ്പിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വാങ്ങൽ ശേഷിയുള്ള ഉപഭോക്താക്കളുള്ളത് യൂറോപ്പിലാണ്. ട്രംപ് ഭരണകൂടത്തിന് കീഴിൽ അമേരിക്കൻ വിപണി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത് മുൻകൂട്ടി കണ്ടാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ മാറ്റം.

