ന്യൂഡല്‍ഹി: ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഡെലിവറി പങ്കാളികളുടെ (ഗിഗ് വര്‍ക്കേഴ്‌സ്) സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും, കര്‍ശനമായ സമയപരിധി വാഗ്ദാനങ്ങള്‍ പരസ്യങ്ങളിലും ബ്രാന്‍ഡിങ്ങിലും നിന്ന് നീക്കം ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണക്കാരായ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ എന്നിവര്‍ പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറിയെന്ന അവരുടെ നയം പിന്‍വലിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.
കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് തങ്ങളുടെ പരസ്യവാചകം തന്നെ തിരുത്തി. മുമ്പ് ‘10,000ല്‍ അധികം ഉത്പന്നങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ ഡെലിവര്‍ ചെയ്യുന്നു എന്നായിരുന്ന പരസ്യ വാചകം ഇപ്പോള്‍ ‘30,000ല്‍ അധികം ഉത്പന്നങ്ങള്‍ നിങ്ങളുടെ വാതില്‍ക്കല്‍ എത്തിക്കുന്നു’ എന്നാക്കി മാറ്റി. പത്ത് മിനിറ്റ് ഡെലിവറിയുമായി ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമിലെ എല്ലാ പരാമര്‍ശങ്ങളും ബ്ലിങ്കിറ്റ് നീക്കം ചെയ്തു. സെപ്‌റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് കമ്പനികളും ഉടന്‍ ഇതേ രീതി പിന്തുടരുമെന്നാണ് സൂചന.
എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളും സമയാധിഷ്ഠിത വാഗ്ദാനങ്ങള്‍ ഉപേക്ഷിക്കുമെന്ന് സര്‍ക്കാരിനോട് ഉറപ്പ് നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളം, സാമൂഹിക സുരക്ഷ, അപകടകരമായ സമയപരിധികള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഗിഗ് തൊഴിലാളികളുടെ ദീര്‍ഘകാലത്തെ സമരത്തിന്‍റെ ഭാഗമായാണ് കേന്ദ്രത്തിന്‍റെ ശ്രദ്ധേയമായ ഇടപെടല്‍.

