കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് ബിജെപിയുടെ പിന്തുണ

കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് ബിജെപി സംസ്ഥാന ഘടകം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.സംസ്ഥാന സര്‍ക്കാര്‍ 2024-ല്‍ നിയമസഭയില്‍ ഐകകണ്‌ഠേന പാസാക്കിയ പ്രമേയത്തിന് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും കത്തിലൂടെ അറിയിച്ചു.’കേരളം’ എന്നത് നമ്മുടെ മാതൃഭാഷയായ മലയാളവുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണെന്നും, തങ്ങളുടെ പാര്‍ട്ടി എപ്പോഴും പ്രാദേശിക ഭാഷകളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നുവെന്നും ബിജെപി വ്യക്തമാക്കി.

‘വികസിത കേരളം, സുരക്ഷിത കേരളം’ എന്ന ആശയത്തിന് പേര് മാറ്റം ഊര്‍ജ്ജം നല്‍കുമെന്ന് ബിജെപി വിശ്വസിക്കുന്നു.പേര് മാറ്റുന്നതിലൂടെ സംസ്ഥാനത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്റെ കത്തില്‍ സൂചിപ്പിച്ചു.’മലയാളികളുടെ പൈതൃകവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ‘കേരളം’ എന്ന പേരിനൊപ്പം ബിജെപി ഉറച്ചുനില്‍ക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ (Kerala) എന്നാണ്. മലയാളത്തില്‍ ‘കേരളം’ എന്ന് ഉപയോഗിക്കാറുണ്ടെങ്കിലും ഇംഗ്ലീഷിലും മറ്റ് ഔദ്യോഗിക രേഖകളിലും ഇത് Kerala എന്നാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യ സ്വതന്ത്രമായ ശേഷം 1956 നവംബര്‍ 1-ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് Kerala എന്ന പേരാണ്.

സംസ്ഥാനത്തിന്റെ പേര് മലയാള ഉച്ചാരണത്തിന് അനുസൃതമായി ‘കേരളം’ (Keralam) എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണ്‍ മാസത്തില്‍ കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *