ഇസ്രായേലിലെ ഐലറ്റില്‍ നടക്കുന്ന ‘സീ ദ ഫ്യൂച്ചര്‍’ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ഡയറി വികസനം, പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേലിലെത്തി.ടെല്‍ അവീവില്‍ എത്തിയ അദ്ദേഹത്തെ ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.പി. സിംഗ് സ്വീകരിച്ചു.
ഇന്ത്യ-ഇസ്രായേല്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തി,ഫിഷറീസ്, അക്വാകള്‍ച്ചര്‍ (ജലകൃഷി), കന്നുകാലി വളര്‍ത്തല്‍, ഡയറി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക,സാങ്കേതികവിദ്യ കൈമാറ്റം, നൂതന ഗവേഷണങ്ങള്‍, അനുഭവസമ്പത്ത് പങ്കുവെക്കല്‍ എന്നിവയിലൂടെ ഈ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരിക തുടങ്ങിയയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം
‘സീ ദ ഫ്യൂച്ചര്‍’ ഈ വര്‍ഷത്തെ ഉച്ചകോടി ജനുവരി 13 മുതല്‍ 15 വരെ ഐലറ്റിലാണ് നടക്കുന്നത്. ബ്ലൂ ഫുഡ് സെക്യൂരിറ്റി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ സമുദ്ര വിഭവങ്ങളിലൂടെയുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന പ്രമേയം.
ഇസ്രായേലിലെ കാര്‍ഷിക, ഫിഷറീസ് മേഖലയിലെ പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന്റെ നൂതനമായ അക്വാകള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു

