അടുത്ത മാസം ചിട്ടിയുടെ അടവ് തീരും.തന്റെ കഴുത്തിൽ കിടക്കുന്ന മാലയുടെ കളർ മങ്ങിയിട്ടുണ്ട് ഇതൊന്നു മാറ്റി ഇനിയെങ്കിലും ഒരു സ്വർണ മാല മേടിക്കണം. സ്വർണ വില ഓരോ ദിവസവും വന്ദേഭാരത് എക്സ്പ്രസ്സ് പോകുന്നത് പോലെയാ. മുകളിലോട്ടാണെന്ന് മാത്രം. കഴുത്തിൽ കിടക്കുന്നത് രണ്ടു രണ്ടര പവന്റെ സ്വർണമാലയാണെന്നാണ് നാട്ടുകാരുടെയും, വീട്ടുകാരുടെയും വിചാരം. കളർ മങ്ങുമ്പോൾ ടൗണിലെ ഫാൻസി സ്റ്റോറിൽ നിന്നും കളർ മുക്കി എടുക്കുന്ന കാര്യം എനിക്കും അരുണേട്ടനും മാത്രമല്ലെ അറിയൂ! അതെങ്ങനെയാ 3000 sqft വീട്, വിലപിടിപ്പുള്ള കാർ,നാട്ടിലെ പ്രമുഖ പ്രൈവറ്റ് സ്കൂളിൽ മക്കളുടെ വിദ്യാഭ്യാസം.പക്ഷെ! പ്രവാസിയായ അരുൺ കുമാറിന്റെ വൈഫിനു താലി കോർത്തിടാൻ ഒരു സ്വർണ മാല പോലും ഇല്ലെന്നു നാട്ടുകാർ എങ്ങനെ വിശ്വസിക്കും. ഇപ്പോഴത്തെ കാലത്ത് വലിയ ആഭരണങ്ങൾ ഉപയോഗിക്കുന്നത് വല്യ ട്രെൻടൊന്നുമല്ല എങ്കിലും അരുണേട്ടന് എന്നെ ഇങ്ങനെ കാണാനാണ് താല്പര്യം അങ്ങനെ ഗൗരി ഓരോന്നും മനസ്സിൽ ആലോചിച്ചു വീട്ടിലെ പണികൾ ഓരോന്നായി തീർത്തു കൊണ്ടിരുന്നു.
അരുണിന്റെ പ്രവാസ ജീവിതം തുടങ്ങിയിട്ട് കാലങ്ങളേറെയായി, ഓരോ തവണ നാട്ടിൽ എത്തി തിരിച്ചു ഫ്ലൈറ്റ് കയറുമ്പോൾ ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു മനസ്സിൽ കാറ് , വീട്, അങ്ങനെ ഒരു പ്രവാസിയുടെ സ്റ്റാറ്റസിനു മങ്ങലേൽക്കാതെ പുറത്ത് നാലാളുകളെ മുന്നിൽ പ്രൗടി കാണിക്കാൻ വേണ്ടിയുള്ളതെല്ലാം.. EMI അടക്കാൻ ബാങ്കിൽ നിന്നുമുള്ള ഓർമപ്പെടുത്തൽ വരുമ്പോൾ കഴുത്തിലും, കൈയിലും ഉള്ള പൊന്നായിരുന്നു ഏക ആശ്രയം. അങ്ങനെ ആശ്രയിച്ചാശ്രയിച്ചു സ്വർണ്ണം മുഴുവൻ സ്ഥിരമായി നാട്ടിലെ ധനകാര്യ സ്ഥാപനത്തിന്റെ ഇരുമ്പഴിക്കുള്ളിൽ ആയി. ഒരു പെൺകുട്ടി വളർന്നു വരുന്നുണ്ട്, സ്ത്രീധന നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും സ്വന്തം മകളെ ഒരു തരി പൊന്നില്ലാതെ കല്യാണ പന്തലിലേക് എങ്ങനെ അയക്കും. അതുകൊണ്ടാണ് കൊള്ള പലിശ ആണെങ്കിലും സ്വർണം വിറ്റു കളയാതെ നാട്ടിലെ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുന്നത്.
പണ്ടൊക്കെ LIC ഏജന്റ്മാരെ കൊണ്ടായിരുന്നു ശല്യം. ഇപ്പോൾ സ്വർണ്ണം കുറഞ്ഞ പലിശയിൽ കൂടുതൽ തുകക്ക് മാറ്റി വക്കാൻ ക്യാഷ് തന്നു സഹായിക്കാം എന്നു പറഞ്ഞു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്റ്റാഫുകളുടെ നൂറു ഫോൺ കോളുകൾ ദിവസേന ഉണ്ടാകും. അങ്ങനെ മാറ്റിയും മറിച്ചും കൂടുതൽ ക്യാഷ് എടുത്തും സ്വർണ്ണം പെട്ടെന്നൊന്നും തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയും ആയി.
പതിവുപോലെ ഗൗരിയുടെ ഫോൺ ശബ്ധിച്ചു. അരുൺ വിളിക്കുന്ന സമയം ആയത്കൊണ്ട് സംശയം കൂടാതെ ഗൗരി കോൾ അറ്റൻഡ് ചെയ്തു ” ഹലോ ഗൗരി എന്തുണ്ട് വിശേഷം എന്തെടുക്കുകയായിരുന്നു “
‘ഒ… പ്രത്യേകിച്ച് ഒന്നുമില്ല അരുണേട്ടാ നിങ്ങൾ പണിതുയർത്തിയ താജ്മഹൽ സംരക്ഷിക്കാനുള്ള പെടാപാട് അല്ലാതെന്താ ‘ ഗൗരി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ‘ എന്റെ പോന്നു മോളേ…. കളിയാക്കുകയൊന്നും വേണ്ട ഇതൊക്കെ ഞങ്ങൾ പ്രവാസികളുടെ ഒരു സ്വപ്നമാണ് ഞങ്ങൾ ചോര നീരാക്കി പണിതുയർത്തിയ സ്വപ്നഭവനത്തിൽ താമസിക്കാൻ ഭാഗ്യമില്ലെങ്കിലും, നാട്ടിൽ വലിയ വീടും കാറും ഒക്കെ ഉണ്ടെന്നു പറയാൻ ഒരു അഭിമാനമാ ചെറിയൊരു അഹങ്കാരവും.’
ഉം…. പിന്നെ അരുണേട്ടാ ഞാൻ ഒരു ചിട്ടി ചേർന്നിരുന്നില്ലേ അതിന്റെ അടവ് അടുത്ത മാസം കൂടി ഉള്ളു ലാസ്റ്റ് നറുക്ക് ആയത് കൊണ്ട് തരക്കേടില്ലാത്ത ഒരു തുക കിട്ടും അതുകൊണ്ട് ഒരു സ്വർണമാല മേടിക്കണമെന്നാ എന്റെ ആഗ്രഹം. പണയത്തിൽ ഇരിക്കുന്നത് അവിടെ ഇരിക്കട്ടെ അത് പിന്നീട് ആണെങ്കിലും എടുക്കലോ കഴുത്തിലാണെ ഈ മാല ഇട്ടിട്ട് ചൊറിച്ചിൽ ആയിതുടങ്ങി. എന്തായാലും എനിക്ക് ഒരു സ്വർണമാല മേടിക്കണം ഒരുപാട് നാളത്തെ ആഗ്രഹമാ…. അരുണിന്റെ സമ്മതം കിട്ടാനിരുന്നു ഗൗരി കോൾ കട്ട് ചെയ്യാൻ.
പിറ്റേ മാസം ചിട്ടി കിട്ടിയ കാശുമായി ടൗണിലെ ഒരു ജ്വല്ലറിയിൽ കയറി പുതിയ ഗോൾഡ് ചെയിൻ മേടിച്ചു താലിയെടുത്തു ഗോൾഡ് ചെയിനിൽ ഇട്ടു കഴുത്തിലണിഞ്ഞപ്പോൾ തന്നെ വല്ലാത്ത ആത്മ സംതൃപ്തി ആയിരുന്നു ഗൗരിക്ക്. മുഖത്താണേ ആയിരം ചന്ദ്രന്റെ ശോഭയും. വാദപ്രതിവാദങ്ങൾ ഒക്കെ മുഴക്കുമെങ്കിലും പെണ്ണിന്റെ ഉള്ളിൽ പൊന്നെന്നും ഭ്രമമാണ്. എനിക്ക് സ്വന്തമായി ഇത്ര പവനുണ്ടെന്നു പറയാൻ അഹങ്കരിക്കുന്നവരാണ് ഭൂരിഭാഗം പെണ്ണുങ്ങളും
ഗൗരി തിരികെ വീട്ടിലെത്തിയപ്പോഴേക്കും പതിവുപോലെ അരുണിന്റെ ഫോൺകോളും എത്തി. സ്വർണമാല മേടിച്ചതിന്റെ വിശേഷങ്ങൾ ഇടമുറിയാതെ അരുണിനോട് പങ്കുവച്ചു ഗൗരി. കാതുകൾക്കു വിശ്രമം വേണമെന്ന് തോന്നിയപ്പോൾ അരുൺ ഇടക്കു കയറി സംസാരിച്ചു ‘ മോളെ ഗൗരി… ഞാനിപ്പോ വിളിച്ചത് ഒരു പ്രധാനപെട്ട കാര്യം പറയാനായിരുന്നു ഇപ്രാവശ്യവും എന്റെ സാലറി കുറച്ചു വൈകുമെന്നാ കേട്ടത് EMI എല്ലാം കുറച്ച് അഡ്ജസ്റ്റ് ചെയ്യണട്ടോ മോളെ.. നിന്നോടല്ലാതെ ഞാൻ ആരോട് പറയാനാ . ഗൗരി തന്റെ കഴുത്തിൽ കിടക്കുന്ന പുതിയ സ്വർണമാലയിൽ ഒന്ന് മുറുകെ പിടിച്ചു കോൾ കട്ട് ചെയ്തു.
പുറത്ത് കോളിങ് ബെൽ മുഴങ്ങിയ ശബ്ദം കേട്ടു ഗൗരി വാതിൽ തുറന്നു. നാട്ടിലെ ഏതോ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേ സ്റ്റാഫുകൾ ആണ്. വാതിൽ തുറന്ന പാടെ വന്നിരിക്കുന്നവരുടെ സ്ഥിരം മാർക്കറ്റിങ് തന്ത്രം തുടങ്ങി ‘ മാഡം ഞങ്ങൾ മാർക്കറ്റിങ്ന്റെ ഭാഗമായി ഇറങ്ങിയതാണ്. ഭൂമിയിലെ ഏതു സ്ഥാപനത്തിലെ കൂടിയ പലിശയിൽ ഇരിക്കുന്ന ഗോൾഡും ഞങ്ങളുടെ സ്ഥാപനത്തിലെ കുറഞ്ഞ പലിശയിലേക്ക് ഞങ്ങൾ ടേക്ക്ഓവർ ചെയ്യും. മാഡം എവിടെയെങ്കിലും ഗോൾഡ് പ്ലഡ്ജ് ചെയ്തിട്ടുണ്ടോ? വന്നവരുടെ 100 ചോദ്യങ്ങൾക്കു ഒറ്റവാക്കിയിൽ മറുപടി കൊടുത്തു ഗൗരി തന്റെ സ്ഥിരം വീട്ടു പണികൾ തുടർന്നു .
രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഫോണിൽ EMI അലേർട് വന്നു തുടങ്ങി. അരുണേട്ടൻ പണം അയക്കാനുള്ള പ്ലാൻ ഒന്നും ഇല്ല. പറഞ്ഞിട്ട് കാര്യം ഇല്ല ഇടക്കൊക്കെ അവരുടെ കമ്പനി എങ്ങനെ സാലറി വൈകിപ്പിക്കും. അഡ്ജസ്റ്റ് ചെയ്തെ പറ്റു. മനസ്സിൽ ഓരോന്നാലോചിച്ചിരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം മാർക്കറ്റിംഗിനു വന്നവർ തന്നിട്ടു പോയ നോട്ടീസ്നെ കുറിച്ചു ഓർത്തത്. നോട്ടീസ് തപ്പി എടുത്തു അതിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്കു വിളിച്ചു.
‘ഹലോ… ഒരു പവൻ സ്വർണം പണയം വച്ചാൽ എത്ര രൂപ കിട്ടും എന്നറിയാനായിരുന്നു? അപ്പോൾ തന്നെ അങ്ങേതലക്കൽ നിന്നുള്ള മറുപടിയും എത്തി.
‘ മാം! പ്രോസസിംഗ് ഫീസ് കഴിച്ചിട്ട് ഇത്രേം രൂപ മാമിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. മാം എപ്പോഴാ വരിക മറ്റുള്ള സ്ഥാപനത്തിനേക്കാളും നല്ല സർവീസ് തരും ഞങ്ങൾ.
കേട്ട പാടെ സ്ഥാപനത്തിലെ സ്റ്റാഫിന്റെ ക്യാൻവാസിങ് തുടങ്ങി. ഗൗരി മനസിലോർത്തു
ഉം…. കൊള്ളാം ഒരു തരി പോന്നു മേടിക്കുന്നതിനു പണികൂലിയും GST യും, പണയം വക്കുന്നതിനു പ്രോസസിങ് ഫീസ്. പണയം വച്ചത് തിരിച്ചു എടുക്കാൻ ചെന്നാലോ കൊള്ള പലിശ വേറെയും എന്റെ ‘പൊന്നെ നിന്നെ സമ്മതിച്ചു’ കഴുത്തിൽ കിടക്കുന്ന തന്റെ സ്വർണമാല നോക്കി ഗൗരി നെടുവീർപ്പിട്ടു.

ബിജിലി പ്രബിൻ

